കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് സൂചന ലഭിച്ചു: എസിപി
Saturday, March 15, 2025 1:49 AM IST
കൊച്ചി: കളമശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്നു കഞ്ചാവ് പിടികൂടിയത് ഇന്റലിജന്റ്സ് വിവരത്തെത്തുടര്ന്നെന്ന് തൃക്കാക്കര എസിപി പി.വി. ബേബി. പരിശോധനാസമയത്തു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുണ്ട്.
സംഭവത്തില്‍ കോളജിനകത്തും പുറത്തും നിന്നുള്ളവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറിയവരെക്കുറിച്ചും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും എസിപി പറഞ്ഞു.
വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയല്ല, വ്യക്തമായ തെളിവുകളോടെയാണ് അറസ്റ്റ്. പരിശോധനകള്‍ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കു കോളജ് അധികൃതരില്‍നിന്ന് രേഖാമൂലം അനുമതി തേടിയിരുന്നു. കേസില്‍ ജാമ്യത്തില്‍ വിട്ടയച്ചവര്ക്കടക്കം പങ്കുണ്ട്.
പിടിയിലായവര്‍ ഇരകളാക്കപ്പെട്ടുവെന്നത് ശരിയല്ല. അവര്‍ അറിയാതെ അവരുടെ മുറിയില്‍ കഞ്ചാവ് എത്തില്ല. ഹോസ്റ്റലില്‍ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്ന കാര്യം വാര്ഡനുള്പ്പെടെയുള്ളവര്ക്ക് അറിയാമായിരുന്നോയെന്നു പരിശോധിക്കും.-എസിപി വ്യക്തമാക്കി.
കാമ്പസിനകത്തും പുറത്തുംനിന്നുള്ളവരുടെ സാന്നിധ്യം ഈ കേസിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പങ്ക് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായവരുടെ രാഷ്ട്രീയം നിലവില്‍ പരിശോധിച്ചിട്ടില്ല. അതു പരിശോധിക്കേണ്ടതാണ്.
പിടിയിലായ വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലം വൈകാതെ ലഭിക്കുമെന്നും എസിപി പറഞ്ഞു.
കഞ്ചാവ് എത്തിച്ചത് ഹോളി കൊഴുപ്പിക്കാൻ
കൊച്ചി: കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷം കൊഴുപ്പിക്കാനെന്നു പോലീസ്. ഉപയോഗവും വിപണനവുമാണ് ലക്ഷ്യമിട്ടിരുന്നത്. വില്പനയ്ക്കു മുന്നോടിയായി ആവശ്യക്കാരില്‍നിന്ന് പണപ്പിരിവ് നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഹോസ്റ്റലില്‍ ലഹരിപദാർഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇവ വലിക്കുന്നതിനായി പ്രത്യേക മുറി ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്. കഞ്ചാവ് ഹോസ്റ്റലിലെത്തിച്ച് ആവശ്യക്കാര്‍ ചെറു പൊതികളിലാക്കി വില്പന നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.