നെല്ല് സംഭരണത്തിന്റെ പേരിലുള്ള കര്‍ഷകദ്രോഹം സര്‍ക്കാര്‍ അവസാനിപ്പിക്കണം: പ്രതിപക്ഷ നേതാവ്
Saturday, March 15, 2025 12:00 AM IST
തിരുവാർപ്പ്: നെല്ല് സംഭരണത്തിന്റെ പേരിലുള്ള കര്‍ഷക ദ്രോഹം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരുവാർപ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെല്‍ കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്മാറിക്കൊണ്ടിരിക്കുന്ന കാലത്ത് വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജിവച്ച് കഠിനാധ്വാനം നടത്തിയാണ് കര്‍ഷകര്‍ നെല്ല് വിളയിക്കുന്നത്. മില്ലുടമകള്‍ ഏജന്റുമാരെ ഉപയോഗിച്ച്, ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും വഴി കിഴിവ് വരുത്താനാണ് ശ്രമിക്കുന്നത്.
1800 ഏക്കര്‍ കൃഷി നടക്കുന്ന ഈ പ്രദേശത്തും രണ്ടു ശതമാനം കിഴിവ് വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഒരു ക്വിന്റല്‍ എടുത്താല്‍ രണ്ടു കിലോയുടെ പണം കുറച്ചേ നല്‍കൂവെന്നാണ് പറയുന്നത്. ഇതിലൂടെ എത്രയായിരം രൂപയുടെ ലാഭമാണ് മില്ലുടമകള്‍ക്ക് ലഭിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ന്യായമായ വില നല്കി നെല്ല് സംഭരിക്കാന്‍ സപ്ലൈകോയെ ചുമതലപ്പെടുത്തിയത്. അന്നത്തെ കാലത്ത് കൈമാറ്റ ചെലവ് 12 രൂപയായിരുന്നു. ഇന്ന് അത് 240 രൂപയാകും. അതുപോലും ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ല. അതേ 12 രൂപയാണ് ഇപ്പോഴും നല്കുന്നതെന്നു പറഞ്ഞ അദ്ദേഹം ഈ അന്യായങ്ങൾ കാണാന്‍ സര്‍ക്കാരും കൃഷി വകുപ്പ് മന്ത്രിയും ഇല്ലേ എന്നും ചോദിച്ചു.
ഈ പാടത്ത് വീണിരിക്കുന്നത് കര്‍ഷകരുടെ കണ്ണീരാണ്. മന്ത്രിയുമായി ഈ വിഷയം ഉടൻ സംസാരിക്കുമെന്നും പരിഹാരം ഉണ്ടായില്ലെങ്കില്‍ വിഷയം നിയമസഭയില്‍ കൊണ്ടുവരുമെന്നും വി.ഡി. സതീശൻ കൂട്ടിചേർത്തു.