എ. പത്മകുമാറിന്റെ നിലപാടുകളെ തള്ളി എം.വി. ഗോവിന്ദൻ
Saturday, March 15, 2025 1:49 AM IST
തിരുവനന്തപുരം: പാർട്ടിക്കകത്തു പറയേണ്ട കാര്യങ്ങൾ പുറത്തു പറഞ്ഞാൽ ആരായാലും സംഘടനാ നടപടിയുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാറിന്റെ നിലപാടു തള്ളിയ ഗോവിന്ദൻ, അദ്ദേഹത്തിനെതിരേ അച്ചടക്ക നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. പത്മകുമാർ പാർട്ടിക്കാര്യങ്ങൾ പുറത്തു പറഞ്ഞതു തെറ്റാണ്. അതു തിരുത്തിത്തന്നെ മുന്നോട്ടുപോകും.
ആരാണെന്നു നോക്കിയല്ല നടപടി സ്വീകരിക്കുക. ആരായായലും പാർട്ടിക്കു പ്രശ്നമില്ല. ഓരോ മേഖലയിലും നേതാക്കളെയും പ്രവർത്തകരെയും കണ്ടെത്തുന്പോൾ എത്രവർഷം പാർട്ടിയിൽ പ്രവർത്തിച്ചുവെന്നതല്ല പാർട്ടി ഉദ്ദേശിക്കുന്നത്. പുതിയവരും പഴയവരും ചേർന്നുള്ള ഒരു കൂട്ടായ്മയാണു ലക്ഷ്യമെന്നും ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിനു ശേഷം എം.വി.ഗോവിന്ദൻ പറഞ്ഞു.
പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താത്തതിൽ മാധ്യമങ്ങൾക്കു വേവലാതി വേണ്ടെന്നു ഗോവിന്ദൻ പറഞ്ഞു.
മൂല്യങ്ങൾ നോക്കിയാണു പാർട്ടി എല്ലാകാലത്തും തീരുമാനങ്ങൾ എടുക്കുക. മെരിറ്റും ഇക്കാര്യത്തിൽ പ്രധാനമാണ്. ഇതാണ് ബ്രാഞ്ച് തലം മുതൽ നടന്നത്. അതിന്റെ ഫലം തന്നെയാണു സെക്രട്ടേറിയറ്റിലും ഉണ്ടായത്. അത് എല്ലാവർക്കും വ്യക്തിപരമായി ബോധ്യപ്പെടണം. കൂട്ടായി എടുക്കുന്ന തീരുമാനം ചിലർക്കു ബോധ്യപ്പെടില്ല. അതു ബോധ്യപ്പെടുത്തും. ആളെ നോക്കിയല്ല നിലപാട് സ്വീകരിക്കുകയെന്നും ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പുകൾ അടുത്തതോടെ മുൻകാലങ്ങളിലേതുപോലെ കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തു രംഗത്തിറങ്ങുകയാണ്. കരുവന്നൂർ കേസിന്റെ ഭാഗമായി സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ കെ. രാധാകൃഷ്ണനെതിരേ ഇപ്പോൾ ഇഡി രംഗത്തുവന്നിരിക്കുകയാണ് .
ഈ കേസിൽ ഇഡിയുടെ ഇടപെടൽ നിയമവിരുദ്ധമാണെന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്തു ശക്തമായ കടന്നാക്രമണമായിരുന്നു. വലതുപക്ഷ മാധ്യമങ്ങളുമായി ചേർന്ന് അവർ നടത്തിയ എല്ലാ കള്ള പ്രചാരവേലകളെയും അതിജീവിച്ചാണു തുടർഭരണം നേടി രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നത്.
ഇത്തരത്തിലുള്ള പ്രചാരണത്തിന്റെ തുടർച്ചയായാണ് സഹകരണമേഖലയിലും ഇഡി ഇടപെട്ടുതുടങ്ങിയത്. കരുവന്നൂർ ബാങ്കിന്റെ കാര്യത്തിൽ തെറ്റുകൾ കണ്ടെത്തി തിരുത്തുന്ന നടപടികളാണു സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം ആദ്യമായി ചേർന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രാഷ്ട്രീയ അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.