ആരോപണ-പ്രത്യാരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്യുവും
Saturday, March 15, 2025 1:49 AM IST
കൊച്ചി: കളമശേരി പോളിടെക്നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ഉണ്ടെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
എഫ്ഐആറില്‍ കെഎസ്യു പ്രവര്‍ത്തകരാരും ഉള്‍പ്പെട്ടിട്ടില്ല. കേസില്‍ എസ്എഫ്ഐ യൂണിയന് ഭാരവാഹിയെ പിടികൂടിയ ഉടന്‍തന്നെ ഇയാള്‍ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന പ്രതികരണവുമായി എസ്എഫ്ഐ നേതൃത്വം രംഗത്തുവരികയായിരുന്നു.
ലഹരിക്കെതിരായ ഏതു നടപടിയെയും കെഎസ്യു സ്വാഗതം ചെയ്യുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ആരാണെങ്കിലും അവരെ ഒറ്റപ്പെടുത്തുമെന്നും അലോഷ്യസ് പറഞ്ഞു.
അതേസമയം, കെഎസ്യുവിന്റെ പാനലില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ച ആദിലിന്റെയും ആകാശിന്റെയും മുറിയില്‍ നിന്നാണ് 1.909 ഗ്രാം കഞ്ചാവ് ലഭിച്ചതെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.
പോലീസ് അറസ്റ്റ് ചെയ്ത കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി അഭിരാജോ ഹോസ്റ്റലിലുള്ള ഏഴ് കമ്മിറ്റി അംഗങ്ങളോ ലഹരി ഉപയോഗിക്കുന്നവരല്ല. അഭിരാജിന്റെ കൈയില്‍നിന്നോ വസ്ത്രത്തില്‍നിന്നോ കഞ്ചാവ് പിടിച്ചെടുത്തിട്ടില്ല.
പോലീസ് പരിശോധന നടക്കുന്നതറിഞ്ഞ് അവിടേക്ക് എത്തിയതാണ് അഭിരാജ്. എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തി അഭിരാജിനെ കേസില്‍ പ്രതി ചേര്‍ക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു.