സിപിഎം പ്രസ്താവന: "കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെത്തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് നേരത്തെ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു.
അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്നു പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്ര അന്വേഷണം നടത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് കണ്ടു. അതു ദിവ്യ അംഗീകരിച്ചതിനെത്തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ. രത്നകുമാരിയെ പരിഗണിക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചു'.
"നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ട്'; മൗനം വെടിഞ്ഞ് ദിവ്യ കണ്ണൂർ: ഒടുവിൽ മൗനം വെടിഞ്ഞ് പി.പി. ദിവ്യ രംഗത്ത്. നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖം അനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ താൻ പങ്കുചേരുന്നുവെന്നും ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ദിവ്യ പറഞ്ഞു.
പോലീസ് അന്വേഷണവുമായി പൂർണമായും സഹകരിക്കും. നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശ്യവിമർശനമാണു താൻ നടത്തിയതെങ്കിലും തന്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ശരിവയ്ക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽനിന്നു മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. -ദിവ്യ പ്രസ്താവനയിൽ അറിയിച്ചു.