മുംബൈ: വനിതാ ലോകകപ്പില്‍ ഓസ്ട്രേലിയായെ തകർത്ത് ഇന്ത്യ ഫൈനലിൽ. 339 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒമ്പതു പന്തും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ലക്ഷ്യം മറികടന്നു. ജെമീമ റോഡ്രിഗസിന്റെ (127) സെഞ്ചുറിയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്റെ (89) അർധസെഞ്ചുറിയുമാണ് ഇന്ത്യയെ തുണച്ചത്.
റിച്ച ഘോഷ് (24), ദീപ്തി ശർമ (24), സ്മൃതി മന്ഥന (24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ. സ്കോർ: ഓസ്ട്രേലിയ 338/10 ( 49.5) ഇന്ത്യ 341/5 (48.3). നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള് ഔട്ടാവുകയായിരുന്നു.
സെഞ്ചുറി നേടിയ (119) ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി. ഇന്ത്യയ്ക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നോക്കൗട്ടിൽ ഒരു ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ത്യ കുറിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.
Tags : Women world cup india australia