പാരീസ്: മൂപ്പത്തിമൂന്നാം ഒളിമ്പിക്സ് ഇന്ന് സമാപിക്കും. ഇന്ത്യന്‍ സമയം രാത്രി 12.30 മുതലാണ് സമാപന ചടങ്ങുകള്‍ നടക്കുക.
ഏറെ പ്രതീക്ഷകളുമായി പാരീസിലെത്തിയ ടീം ഇന്ത്യയ്ക്ക് സ്വര്‍ണം നേടാനായില്ല. ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറു മെഡലുകളാണ് ലഭിച്ചത്.
ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ മെഡലിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. വിനേഷിന് മെഡല്‍ ലഭിക്കുകയാണെങ്കില്‍ ഏഴ് മെഡല്‍ എന്ന ടോക്യോ ഒളിമ്പിക്സിലെ നേട്ടത്തിനൊപ്പം എത്താം. നിലവില്‍ 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ ലഭിച്ച ആറുമെഡലുകള്‍ എന്ന നേട്ടത്തിനൊപ്പമാണുള്ളത്.
സ്വര്‍ണമെഡല്‍ പ്രതീക്ഷിച്ചിരുന്ന ജാവലിന്‍ ത്രോയില്‍ വെള്ളി മെഡലാണ് നീരജ് ചോപ്രയ്ക്ക് ലഭിച്ചത്. മികച്ച ഫോമില്‍ പ്രാഥമിക റൗണ്ടില്‍ കളിച്ചിരുന്ന പുരുഷ ഹോക്കി ടീമിന് സെമിയില്‍ അടിതെറ്റി. ജര്‍മനിയോടാണ് പരാജയപ്പെട്ടത്. എന്നാല്‍ സ്പെയിനെ തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടാന്‍ ടീമിനായി.
സുവര്‍ണ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിന്റൺ താരം പി.വി.സിന്ധുവിനും ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചാനുവിനും ഇത്തവണ തിളങ്ങാനായില്ല. മികച്ച പ്രകടനം നടത്തി സെമിവരെ മുന്നേറിയ ബാഡ്മിന്റൺ താരം ലക്ഷ്യസെന്നിന് സെമിയിലും വെങ്കലമെഡല്‍ പോരാട്ടത്തിലും വിജയിക്കാനായില്ല.
ഷൂട്ടിംഗില്‍ രണ്ട് വെങ്കല മെഡല്‍ നേടിയ മനു ഭാക്കര്‍ ആണ് ഇത്തവണ അഭിമാന താരമായത്. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വനിതാ വിഭാഗത്തിലും മിക്സഡ് ടീമിനത്തിലുമാണ് മനു മെഡല്‍ നേടിയത്. സ്വപ്നില്‍ കുശാലെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പോസിഷനിലും വെങ്കലം നേടി.
അന്തിം പംഗലും നിഷ ദഹിയയും വിനേഷ് ഫോഗട്ടും അടങ്ങിയ ഗുസ്തി ടീമില്‍ നിന്ന് കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിച്ചെങ്കിലും അമന് ഷെറാവത്തിന് മാത്രമാണ് മെഡല്‍ പട്ടികയില്‍ ഇടം നേടാനായത്. വെങ്കലമാണ് താരം നേടിയത്.
50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനല്‍ വരെ എത്തി വിനേഷ് ഫോഗട്ട് മെഡല്‍ ഉറപ്പിച്ചാതായിരുന്നുവെങ്കിലും ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യയാക്കപ്പെട്ടു. എന്നാല്‍ ഇതിനെതിരെ താരം നല്കിയ അപ്പിലില്‍ വിധി വന്നിട്ടില്ല. ചൊവ്വാഴ്ചയാണ് വിനേഷിന്റെ അപ്പീലില്‍ വിധി വരുകയെന്നാണ് നിലവിലെ വിവരം.
മെഡല്‍ പ്രതീക്ഷിച്ചിരുന്ന അമ്പെയ്ത്ത്, ടേബിള്‍ ടെന്നീസ്, ബോക്സിംഗ് തുടങ്ങിയ ഇനങ്ങളിലെല്ലാം താരങ്ങള്‍ നിരാശപ്പെടുത്തി. മിക്സഡ് ടീമിനത്തില്‍ സെമി വരെയെത്തിയ ധീരജ് ബൊമ്മദേവര, അങ്കിത ബകത്ത് സഖ്യത്തിന് മാത്രമാണ് അമ്പെയ്ത്തില്‍ തിളങ്ങാനായത്.
ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യയ്ക്ക് പാരീസില്‍ സുവര്‍ണ നേട്ടത്തിലെത്താനായില്ല. മെഡല്‍ പട്ടികയില്‍ 71-ാം സ്ഥാനത്താണ് ഇന്ത്യ.