പാരിസ്: 2024 ഒളിപിംക്സ് സംഘാടക സമിതിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ റെയ്ഡ് നടത്തി ഫ്രഞ്ച് പോലീസ്.
പാരിസ് നഗരത്തിലെ സെന്റ് ഡെനിസ് മേഖലയിലുള്ള ഹെഡ്ക്വാർട്ടേഴ്സിലും സൊലിഡിയോ മേഖലയിലെ കൺസ്ട്രക്ഷൻ വിഭാഗം ഓഫീസിലുമാണ് പോലീസും സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയായ പിഎൻഎഫും ചേർന്ന് റെയ്ഡ് നടത്തിയത്.
ഒളിംപിക്സിനായുള്ള നിർമാണ കരാറുകളിൽ അഴിമതി നടന്നെന്നും ഇഷ്ടക്കാർക്ക് കരാർ നൽകാൻ സംഘാടകർ ശ്രമിച്ചെന്നുമുള്ള ആരോപണത്തെത്തുടർന്നാണ് റെയ്ഡ്. പൊതുഖജനാവിലെ പണം വഴിവിട്ട രീതിയിൽ ചെലവഴിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
റെയ്ഡുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് നൽകാമെന്നുമാണ് ഒളിംപിക്സ് സംഘാടക സമിതി അറിയിച്ചത്.