പാരിസ്: ഗുസ്തി കലാശപ്പോരിൽ മെഡൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. വനിതകളുടെ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായേക്കും. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണിത്.
ഇന്ന് രാവിലെ നടന്ന ഭാരപരിശോധനയില്‍ വിനേഷ് ഫോഗട്ടിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കുമെന്നും വെള്ളിമെഡലിനു പോലും അർഹതയുണ്ടാകില്ലെന്നുമാണ് വിവരം.
ഇന്നു രാത്രി നടക്കേണ്ടിയിരുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് മെഡലിനരികെ ഫോഗട്ടിന് അയോഗ്യത വന്നിരിക്കുന്നത്.