പാരിസ്: 2020 ടോക്കിയോ ഒളിന്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യക്കായി സ്വർണം നേടിയ നീരജ് ചോപ്ര പാരീസ് ഒളിന്പിക്സിലും സ്വർണ നേട്ടത്തിനായി ഇന്നിറങ്ങും. പാരീസ് ഒളിന്പിക്സിലെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 11.55ന് ആരംഭിക്കും.
ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷാ ഭാരവുമായി യോഗ്യതാ റൗണ്ടിൽ ഇറങ്ങിയ നീരജ്, ആ പ്രതീക്ഷകൾക്കു യോജിച്ച പ്രകടനമാണ് നടത്തിയത്. ഒരേറിൽ 89.34 മീറ്ററിൽ ജാവലിൻ എറിഞ്ഞ് നീരജ് യോഗ്യത ഉറപ്പിച്ചു.
84 മീറ്ററായിരുന്നു ഫൈനലിനു യോഗ്യത നേടാൻ വേണ്ടിയിരുന്നത്. ഗ്രൂപ്പ് ബിയിൽ മത്സരിച്ച നീരജ് ആദ്യ ഏറിൽ തന്നെ 89.34 മീറ്റർ കണ്ടെത്തി. യോഗ്യതാ റൗണ്ടിൽ മത്സരിച്ചവരിൽ ഏറ്റവും മികച്ച ദൂരവും ഇന്ത്യൻ താരത്തിന്റേതായിരുന്നു. 12 പേരാണ് ഫൈനലിൽ മത്സരിക്കുന്നത്.
ടോക്കിയോ ഒളിന്പിക്സിൽ സ്വർണം നേടിയതിനേക്കാൾ (87.58 മീറ്റർ) മികച്ച ദൂരമാണ് പാരീസിലെ യോഗ്യതാ റൗണ്ടിൽ നീരജ് കുറിച്ചത്. ജർമനിയുടെ ലോകചാന്പ്യൻ ജൂലിയൻ വെബറാണ് പ്രധാന എതിരാളി.
വെബർ ആദ്യ ഏറിൽത്തന്നെ 87.76 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫൈനലിലെത്തിയത്. ആദ്യ ഏറിൽത്തന്നെ യോഗ്യത കടന്നവരാണ് ഗ്രനാഡയുടെ ആൻഡേഴ്സണ് പീറ്റേഴ്സ് (88.63 മീറ്റർ), പാക്കിസ്ഥാന്റെ അർഷാദ് നദീം (86.59 മീറ്റർ) എന്നിവരും ഫൈനലിൽ നീരജിന് വലിയ വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ളവരാണ്.