പാരീസ്: പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ഇറങ്ങിയ ഇന്ത്യയ്ക്ക് തോല്‍വി. പൂള് ബിയിലെ നാലാം മത്സത്തില്‍ ബെല്ജിയത്തിനെതിരേയാണ് പരാജയം. 2-1 നാണ് ബെല്‍ജിയത്തിന്റെ വിജയം.
18-ാം മിനിറ്റില്‍ ആര്‍തര്‍ ഡി. സ്ലോവറിന്റെ സ്വന്തം പകുതിയിലെ പിഴവില്‍ ഇന്ത്യ ലീഡ് നേടി. അഭിഷേകാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. എന്നാല്‍, 33-ാം മിനിറ്റില്‍ തിബ്യൂ സ്റ്റോക്ക്ബ്രോക്സ് ഗോള്‍ നേടിയതോടെ ബെല്‍ജിയം സമനില പിടിച്ചു. 11 മിനിറ്റുകള്‍ക്ക് ശേഷം, ജോണ്‍-ജോണ്‍ ഡോഹ്മെന്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.
നിലവില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏഴ് പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. നാല് ജയവുമായി ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും ഇന്ത്യ നേടിയിരുന്നു.
ഹര്‍മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ടീം ന്യൂസിലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചിരുന്നു.ശേഷം അര്‍ജന്റീനയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. പിന്നീട് അയര്‍ലണ്ടിനെ 2-0 ന് പരാജയപ്പെടുത്തിയിരുന്നു.
ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ ടീമിന് നോക്കൗട്ട് ബെര്‍ത്ത് ഏറെക്കുറേ ഉറപ്പിക്കാനാകുമായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4:45 ന് പൂള് ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.