പാരിസ്: പാരീസ് ഒളിമ്പിക്സില്‍ പോള്‍വോള്‍ട്ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് ലോക റിക്കാര്‍ഡോടെ സ്വര്‍ണം. 6.25 മീറ്റര്‍ ഉയരം താണ്ടിയാണ് അദ്ദേഹം ജേതാവായത്. ഏപ്രിലില്‍ സിയാമെന്‍ ഡയമണ്ട് ലീഗില്‍ അദ്ദേഹം കുറിച്ച 6.24 മീറ്റര്‍ ആണ് പാരീസില്‍ മറികടന്നത്.
ഫൈനലിലെ മൂന്നാമത്തെയും അവസാനത്തെയുമായ ശ്രമത്തിലാണ് ഡുപ്ലാന്റിസ് ചരിത്രം തിരുത്തിക്കുറിച്ചത്. രണ്ട് തവണ ലോക ചാമ്പ്യനായ ഡുപ്ലാന്റിസ്, ഇത് ഒമ്പതാം തവണയാണ് ലോക റിക്കാര്‍ഡ് തിരുത്തിക്കുറിക്കുന്നത്.
1952-1956 ലെ അമേരിക്കന്‍ ബോബ് റിച്ചാര്‍ഡ്സിന് ശേഷം തുടര്‍ച്ചയായി ഒളിമ്പിക് പോള്‍വോള്‍ട്ട് കിരീടങ്ങള്‍ നേടുന്ന ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം. മത്സരത്തില്‍ അമേരിക്കയുടെ സാം കെന്‍ഡ്രിക്സ് വെള്ളിയും ഗ്രീസിന്റെ ഇമ്മാനുവില്‍ കരാലിസ് വെങ്കലവും നേടി.
അതേ സമയം, 2020 ടോക്കിയോ ഒളിന്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോയിലൂടെ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്ര ഇന്നു ഫീല്‍ഡിലിറങ്ങും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലാണ് നീരജ് ചോപ്ര മത്സരിക്കുന്നത്.
ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ട് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.20 മുതല്‍ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഷോര്‍ ജെന്നയും ജാവലിന്‍ത്രോയില്‍ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് എയിലാണ് കിഷോര്‍ ജെന്ന യോഗ്യതാ റൗണ്ടില്‍ പോരാടുക. ഉച്ചകഴിഞ്ഞ് 1.50 മുതലാണ് ഗ്രൂപ്പ് എ മത്സരം.