ഡല്‍ഹി: പാരിസ് ഒളിംപിക്സ് ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കിയ മനു ഭാക്കര്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൃദ്യമായ സ്വീകരണമാണ് താരത്തിന് രാജ്യം നല്‍കിയത്.
പാരീസില്‍ നിന്ന് നേരിട്ടുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ രാവിലെ 9.20ന് ആണ് മനു നാട്ടിലെത്തിയത്. എയര്‍പോര്‍ട്ട് എക്സിറ്റില്‍ നിന്ന് പുറത്തിറങ്ങിയ മനുവിനെ പൂച്ചെണ്ടുകള്‍ നല്‍കിയും ഹാരമണിയിച്ചും തോളിലേറ്റിയും ആരാധകര്‍ തങ്ങളുടെ സന്തോഷമറിയിച്ചു. മനുവിന്റെ കോച്ച് ജസ്പാല്‍ റാണ ഒപ്പമുണ്ടായിരുന്നു.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒളിംപിക്സിന്റെ ഒരു പതിപ്പില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ചരിത്രം കുറിച്ചാണ് മനു നാട്ടിലെത്തിയത്. മുമ്പ്, ബ്രിട്ടീഷ്-ഇന്ത്യന്‍ അത്ലറ്റ് നോര്‍മന്‍ പ്രിച്ചാര്‍ഡ് മാത്രമാണ് 1900 ഒളിംപിക്സില്‍ 200 മീറ്റര്‍ സ്പ്രിന്റിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും രണ്ട് വെള്ളി മെഡലുകൾ നേടിയത്.
ഒളിംപിക്സ് ഷൂട്ടിംഗില്‍ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. രാജ്യത്തിന് വേണ്ടിയും കായികത്തിനുംവേണ്ടിയും തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ നേടാനുള്ള ശ്രമം തുടരുമെന്നും 22കാരി പ്രതികരിച്ചു. ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ മനു ഭാക്കറാണ് ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ നേടിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍സില്‍ മിക്സഡ് ഇനത്തില്‍ സരബ്ജോത് സിംഗ്-മനു ഭാക്കര്‍ സഖ്യവും വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു.
സ്വപ്നില്‍ കുസാലെയാണ് ഇന്ത്യയ്ക്കായി മൂന്നാം മെഡല്‍ നേടിയത്. ഷൂട്ടിംഗ് 50 മീറ്റര്‍ റൈഫിള്‍ മൂന്ന് പൊസിഷനിലാണ് താരത്തിന്റെ നേട്ടം. പാരിസ് ഒളിംപിക്സില്‍ ഇന്ത്യ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ 63-ാം സ്ഥാനത്താണ്. അമേരിക്കയാണ് മുന്നില്‍. തൊട്ടുപിന്നാലെ ചൈനയും.