പാരീസ്: ഒളിമ്പിക്സിനിടെ വെല്ലുവിളിയുയര്‍ത്തി കോവിഡ് ബാധ. ബ്രിട്ടീഷ് നീന്തല്‍ താരം ആദം പീറ്റിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നീന്തല്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടത്.
മത്സരത്തില്‍ പങ്കെടുക്കുന്ന സമയത്തുതന്നെ പീറ്റിക്ക് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് പീറ്റിക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുതുടങ്ങിയത്. തിങ്കളാഴ്ച ഫൈനലിനിറങ്ങി വെള്ളി മെഡല്‍ നേട്ടം കൈവരിച്ചു.
തുടര്‍ന്ന് ആരോഗ്യാവസ്ഥ മോശമായതോടെ കോവിഡ് പരിശോധന നടത്തുകയായിരുന്നു. നീന്തലില്‍ റിലേ വിഭാഗത്തിലും ഇരുപത്തൊന്‍പതുകാരനായ താരത്തിന് മത്സരമുണ്ട്. നൂറുമീറ്ററില്‍ രണ്ടുതവണ ചാമ്പ്യനായ പീറ്റി, ഞായറാഴ്ച നടന്ന ഫൈനലില്‍ ഇറ്റലിയുടെ നിക്കോളോ മാര്ട്ടിനെന്ഗിയോട് 0.02 സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്വര്‍ണം കൈവിട്ടത്.