പാരിസ്: ഒളിംപിക്സ് ഷൂട്ടിംഗ് ഇനത്തിലെ മറ്റൊരു പ്രതീക്ഷയായിരുന്ന ഇന്ത്യയുടെ രമിത ജിന്‍ഡാലിനു നിരാശ. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ പോരാട്ടത്തിന്റെ ഫൈനലില്‍ താരം പുറത്തായി. 145.3 പോയിന്റുകളോടെ ഏഴാം സ്ഥാനത്താണ് രമിത ഫിനിഷ് ചെയ്തത്.
ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകൾ പിന്നിട്ടപ്പോൾ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ താരം പിന്നോട്ടുപോകുകയായിരുന്നു. മത്സരത്തിൽ ദക്ഷിണകൊറിയൻ താരം സ്വർണം നേടിയപ്പോൾ ചൈനീസ് താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനം നേടിയായിരുന്നു രമിതയുടെ ഫൈനൽ പ്രവേശനം.
അതേസമയം, പാരിസിലെ വെങ്കലമെഡൽ ജേതാവ് മനു ഭാകറും സരബ്ജോത് സിംഗും പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ പോരിനു യോഗ്യത ഉറപ്പിച്ചു. 580 പോയിന്റുകള്‍ നേടിയാണ് മനു- സരബ്ജോത് സഖ്യത്തിന്റെ മുന്നേറ്റം.
10 മീറ്റർ എയർ റൈഫിൾ പുരുഷ ഫൈനലിൽ അർജുൻ ബബുത ഇന്ന് ഇറങ്ങുന്നുണ്ട്. ഉച്ചകഴിഞ്ഞ് 3.30 നാണ് ഫൈനൽ.