പാരീസ്: 2024 ഒളിമ്പിക്സിലെ പുരുഷ വിഭാഗം ഹോക്കിയില്‍ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഹര്‍മന്‍പ്രീത് സിംഗും സംഘവും തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.
ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് ഇന്ത്യ ശക്തമായി തിരിച്ചുവന്നത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ന്യൂസിലന്‍ഡ് ലീഡെടുത്തു. 8-ാം മിനിറ്റിലാണ് ഗോള്‍ വീണത്. ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യ ക്വാര്‍ട്ടര്‍ ന്യൂസിലന്‍ഡിന്റെ ലീഡോടെ അവസാനിച്ചു.
രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ഗോള്‍ മടക്കി. 24-ാം മിനിറ്റില്‍ മന്ദീപ് സിംഗാണ് ഗോള്‍ നേടിയത്. ഗോളിനെതിരെ ന്യൂസിലന്‍ഡ് റെഫറലിന് പോയെങ്കിലും വിജയിച്ചില്ല. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു.
മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ വീണ്ടും ഗോള്‍ നേടി. 34-ാം മിനിറ്റിലെ ഈ ഗോളിലൂടെ ഇന്ത്യ മത്സരത്തില്‍ മുന്നിലെത്തി. മൂന്നാം ക്വാര്‍ട്ടറില്‍ പിന്നെ ഗോളൊന്നും പിറന്നില്ല. ഇതോടെ ഇന്ത്യ ലീഡില്‍ തുടര്‍ന്നു.
നാലാം ക്വാര്‍ട്ടറിന്റെ മൂന്നാം മിനിറ്റില്‍ ന്യൂസിലന്‍ഡ് ഗോള്‍ മടക്കി. 53-ാം മിനിറ്റിലെ ഈ ഗോളോടെ സ്കോര്‍ നില വീണ്ടും ഒപ്പത്തിനൊപ്പമായി. വിജയഗോളിനായി ഇരു ടീമുകളും പോരുതി കളിച്ചു.
ഒടുവില്‍ മത്സരം തീരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ നായകന് ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യയുടെ വിജയഗോള്‍ നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടീം ഇന്ത്യ വിജയിച്ചത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.15ന് അര്‍ജന്റീനയ്ക്കെതിരെയാണ് ഹര്‍മന്‍പ്രീത് സിംഗിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.