കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി സൈനികനെ കാണാതായതായി പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്.
പൂനെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിയെടുത്ത് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇയാൾ. ചൊവ്വാഴ്ച പകല്‍ ആണ് ഇയാൾ അവസാനമായി വീട്ടിലേക്ക് വിളിച്ചത്.
കണ്ണൂരില്‍ എത്തിയെന്നാണ് ഇയാൾ ഈ സമയം അമ്മയോട് പറഞ്ഞത്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോണ്‍ ലൊക്കേഷന്‍ പൂനെയില്‍ തന്നെയാണെന്നാണ് വിവരം. എടിഎം കാര്‍ഡില്‍ നിന്ന് 15,000 രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.