ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികൾക്കെതിരേ കുറ്റപത്രം തയാറാക്കുന്നതിലെ അമിതമായ കാലതാമസത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് രാജ്യത്തുടനീളം മാർഗരേഖ രൂപീകരിക്കുമെന്നും ജസ്റ്റീസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പല കേസുകളിലും മൂന്നു മുതൽ നാലു വർഷം വരെ കാലതാമസം എടുക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ വാദംകേൾക്കലിനുശേഷം 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണം.
എന്നാൽ നിലവിൽ പല കേസുകളിലും അതു നടക്കുന്നില്ല. ക്രിമിനൽ നടപടിക്രമത്തിലെ കാലതാമസത്തിനു പ്രധാന കാരണം കുറ്റപത്രം തയാറാക്കാനെടുക്കുന്ന കാലതാമസമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ രാജ്യവ്യാപക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് അറ്റോർണി ജനറലിന്റെയും സോളിസിറ്റർ ജനറലിന്റെയും സഹായം കോടതി തേടി. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ രണ്ടു വർഷമായി കസ്റ്റഡിയിൽ കഴിയുന്ന പ്രതി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു കോടതി ഇടപെടൽ.