തെരുവു വിളക്കുകൾ മിഴിപൂട്ടി : ഇരുട്ടിൽ കോതമംഗലം
1591259
Saturday, September 13, 2025 4:45 AM IST
കോതമംഗലം: തെരുവു വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും തെളിയുന്നില്ല. കോതമംഗലം നഗരത്തിന്റെ ഹൃദയഭാഗം ഇരുട്ടിലായിട്ട് ആഴ്ചകൾ. പിഒ ജംഗ്ഷനില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയുന്നില്ല.
റവന്യു ടവര്‍ പരിസരം മുതല്‍ കുരൂര്‍ പാലം വരേയും കോളജ് റോഡില്‍ ജവഹര്‍ തീയേറ്റര്‍ വരേയും ഉള്ള നഗര സിരാകേന്ദ്രത്തിലെ വഴിവിളക്കുകള്‍ കേടായിട്ട് നാളേറെയായി. വിരലിലെണ്ണാവുന്ന വിളക്കുകള്‍ മിന്നാമിനുങ്ങ് പോലെ ചിലപ്പോള്‍ പ്രകാശിക്കും. സന്ധ്യകഴിഞ്ഞാല്‍ വ്യാപാരസ്ഥാപനങ്ങളുടെ വെളിച്ചമാണ് ആളുകള്‍ക്ക് ഏക ആശ്വാസം.
എട്ടരയോടെ മിക്കവാറും വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കുന്നതോടെ പ്രദേശങ്ങള്‍ കൂരിരുട്ടിലാവും. വഴിവിളക്കുകള്‍ തെളിയാതിരുന്നപ്പോഴും പ്രകാശിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും കൂടി കേടായതോടെ പൊതുജനം ഇരുട്ടില്‍തപ്പുകയാണ്. വെളിച്ചം നല്‍കേണ്ട നഗരസഭയും കെഎസ്ഇബിയും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയുകയാണെന്ന ആക്ഷേപമുണ്ട്.