വാഴക്കുളത്തെ യുവാവിന്റെ മരണം വാഹനാപകടത്തെത്തുടർന്ന്
1591239
Saturday, September 13, 2025 4:19 AM IST
വാഴക്കുളം: വഴിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചത് വാഹനാപകടത്തെ തുടർന്നാണെന്ന് കല്ലൂർക്കാട് പോലീസ് സ്ഥിരീകരിച്ചു. കല്ലൂർക്കാട് ചാറ്റുപാറ പൊൻപനാൽ പ്രസന്നന്റെ മകൻ പ്രദീപ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നോടെ പാണംകുട്ടിപ്പാറ-തോണിക്കുഴി ലിങ്ക് റോഡിൽ നട്ടെല്ലിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ് നിലയിലാണ് പ്രദീപിനെ പ്രദേശവാസികൾ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് കല്ലൂർക്കാട് അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ പ്രദീപിനെ കാരിക്കോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയാണ് പ്രദീപ്. സംഭവം വാഹനാപകടമാണെന്ന നിഗമനത്തിലായിരുന്നു കല്ലൂർക്കാട് പോലീസ്.
നാകപ്പുഴയിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് നടത്തുന്ന പ്രദേശവാസിയായ ജോമിൻ ജോസിന്റെ കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. ലിങ്ക് റോഡിലെ വളവിൽ റോഡിൽ വീണു കിടക്കുകയായിരുന്ന പ്രദീപിന്റെ ദേഹത്തു കൂടി ജോമിൻ ഓടിച്ചിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു.
വഴിയിൽ ഒരാൾ വീണു കിടക്കുന്നു എന്ന് ഇയാൾ പലരെയും വിളിച്ചറിച്ചു. എന്നാൽ തന്റെ കാറാണ് അപകടമുണ്ടാക്കിയതെന്ന് ജോമിൻ തന്നെയാണ് ഇന്നലെ പുറത്തറിയിച്ചത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കല്ലൂർക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.