മൂവാറ്റുപുഴ നഗരത്തിലെ നരകയാത്രയ്ക്ക് അറുതി
1591255
Saturday, September 13, 2025 4:45 AM IST
നാലുവരിപ്പാത തുറന്നു
മൂവാറ്റുപുഴ: നഗര വികസനത്തിന്റെ ഭാഗമായി പി ഒ ജംഗ്ഷന് മുതല്‍ കച്ചേരിത്താഴം വരെ ആദ്യഘട്ട ഡിബിഎം ടാറിംഗ് പൂര്‍ത്തിയാക്കിയ നാലുവരി പാത ഗതാഗതത്തിനായി തുറന്നു നല്കി. കഴിഞ്ഞ നാലുമാസമായി നഗരത്തിലെ ട്രാഫിക് കാര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിയന്ത്രിച്ച ട്രാഫിക് എസ്ഐ സിദ്ദിഖിനെയാണ് മാത്യു കുഴല്നാടന് എംഎല്‍എ പുതിയ റോഡ് തുറന്നുകൊടുക്കാന്‍ ക്ഷണിച്ചത്.
നഗരത്തില്‍ നാലുവരിപ്പാത തുറന്നതോടെ പബ്ലിക് ട്രാന്സ്പോര്ട്ടുകളും, ചെറുവാഹനങ്ങളും പുതിയ റോഡിലൂടെ കടത്തിവിട്ടു തുടങ്ങി. ഡിബിഎം നിലവാരത്തില്‍ 10 സെന്റി മീറ്റര്‍ ഘനത്തിലുള്ള ടാറിംഗ് പ്രവര്‍ത്തികളാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത് ഇതിനു മുകളിലായി അഞ്ച് സെന്റീമീറ്റര്‍ ഘനത്തില്‍ ബിസി നിലവാരത്തിലുള്ള ടാറിംഗും ഉണ്ടാകും.
പിഒ ജംഗ്ഷനില്‍ തൊടുപുഴ റോഡുമായും കോട്ടയം റോഡുമായും പുതിയ റോഡ് ബന്ധിപ്പിക്കുന്ന ഭാഗങ്ങളിലെ ടാറിംഗ് തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകും. ഈ സമയത്ത് ചെറിയ ഗതാഗത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ മാത്യു കുഴല്നാടന് എംഎല്‍എ, നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സിനി ബിജു, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയരാജ്, മൂവാറ്റുപുഴ ടൗണ്‍ ക്ലബ് പ്രസിഡന്റ് ജോണ്സണ് മാമലശേരി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ജോസ് കുര്യാക്കോസ്, കെ.എം. സലിം, സാബു ജോണ്‍, കെ.എ. അബ്ദുല്‍ സലാം, സുബൈര്‍, ജോളി മണ്ണൂര്‍, മേരിക്കുട്ടി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.