എഴുപുന്ന-ചെല്ലാനം റോഡിൽ വൻതോതിൽ മാലിന്യം തള്ളുന്നു
1591246
Saturday, September 13, 2025 4:30 AM IST
അരൂർ : എഴുപുന്ന - ചെല്ലാനം റോഡിന്റെ പാതയോരങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. പലയിടത്തും റോഡിനു സമീപത്തുള്ള നടപ്പാതകളിലൂടെ നടക്കാൻ പോലുമാവാത്തത്ര ദുർഗന്ധമാണ് ഇവിടെ പലയിടത്തും അനുഭവപ്പെടുന്നത്.
കോഴിയുടെ അവശിഷ്ടങ്ങളും മറ്റും നിറഞ്ഞ പ്ലാസ്റ്റിക്ക് ചാക്കുകളും കൊണ്ടുവന്നു റോഡരികിൽ നിക്ഷേപിക്കുന്നതിനാൽ പലയിടത്തും മൂക്കുപൊത്താതെ നടക്കാനാവാത്ത സ്ഥിതിയാണ്. പുലർച്ചേയും രാത്രികാലങ്ങളിലുമാണ് മാലിന്യങ്ങൾ കൊണ്ടുവന്നു തള്ളുന്നത്.
മാസങ്ങളായി ചെല്ലാനം-എഴുപുന്ന റോഡിന്റെ ഒട്ടുമിക്ക ഭാഗത്തും വഴിവിളക്കുകൾ ഇല്ലെന്ന് യാത്രക്കാർ പറഞ്ഞു.
ഈ അവസരം മുതലെടുത്താണ് പലരും മാലിന്യങ്ങൾ തള്ളുന്നത്. എഴുപുന്ന പഞ്ചായത്തിന്റെ പരിധിയിലുള്ള പാതയോരങ്ങളിലാണ് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്.
ഇക്കാര്യത്തിൽ പഞ്ചായത്ത് കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.