പാലക്കുഴ പഞ്ചായത്തിലെ കെടുക്കാര്യസ്ഥത; പ്രതിഷേധത്തിന് ഒരുങ്ങി കോണ്ഗ്രസ്
1514640
Sunday, February 16, 2025 4:08 AM IST
പാലക്കുഴ: പഞ്ചായത്തിന്റെ കെടുക്കാര്യസ്ഥതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ പാലക്കുഴ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. പഞ്ചായത്തിൽ കഴിഞ്ഞ ഒന്പത് വർഷമായി നടക്കുന്നത് അഴിമതിയും സ്വജനപക്ഷപാതപരമായ നടപടിക്രമങ്ങളാണെന്നും പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നും കോണ്ഗ്രസ് നേതൃത്വം പറഞ്ഞു.
ജനപ്രതിനിധികളെ പഞ്ചായത്തിലെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നില്ല, പഞ്ചായത്ത് വാഹനം അനധികൃതമായി ഉപയോഗിക്കുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് പാലക്കുഴ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഉന്നയിക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി ഓഫീസിൽനിന്നു പറയുന്ന നിലയ്ക്കാണ് പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും പ്രവർത്തിക്കുന്നതെന്ന് മണ്ഡലം പ്രസിഡന്റ് സാജു കൊരങ്ങോലിൽ ആരോപിച്ചു.
എംഎൽഎയോ, എംപിയോ യാതൊരുവിധ ഫണ്ടുകളും പാലക്കുഴ പഞ്ചായത്തിലേക്ക് ചെലവഴിക്കുന്നില്ലെന്ന ഭരണസമിതിയുടെ ആക്ഷേപം ശരിയല്ല. എംഎൽഎ മൂന്ന് മിനി മാസ്റ്റ് ലൈറ്റുകൾക്ക് 2.5 ലക്ഷം വീതം അനുവദിച്ചു. പാലക്കുഴ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കുന്നതിനായി 41 ലക്ഷം, വിവിധ റോഡുകൾക്കായി എംപി ഫണ്ട് അടക്കം ലക്ഷക്കണക്കിന് രൂപയും ജില്ലാ പഞ്ചായത്ത് പ്രസിന്റായിരുന്ന ഉല്ലാസ് തോമസ് 2.5 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇവയൊന്നും കാണാതെ എൽഡിഎഫ് ഭരണസമിതി നടത്തുന്ന ആക്ഷേപം വെറും രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്ഗ്രസ് കമ്മിറ്റി ആരോപിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം കിട്ടേണ്ടവർക്ക് നൽകാതെ സ്വജനപക്ഷപാദപരമായി അനുവദിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും സ്വീകരിക്കാത്ത ഏക പഞ്ചായത്ത് പാലക്കുഴ മാത്രമാണെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് പറഞ്ഞു.