കടല്‍വെള്ളരി പിടികൂടിയ സംഭവം: അഞ്ചാമനായി അന്വേഷണം
1460022
Wednesday, October 9, 2024 8:19 AM IST
കൊച്ചി: നഗരത്തില്‍ 103 കിലോ കടല്‍വെള്ളരിയുമായി നാലംഗ സംഘം പിടിയിലായ കേസില്‍ സംഘത്തിലെ അഞ്ചാമനായ ലക്ഷദ്വീപ് സ്വദേശി ഇസ്മയിലിനുവേണ്ടി അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരിയില്‍ ഇയാള്‍ താമസിക്കുന്ന വീട്ടിലാണ് കടല്‍വെള്ളരി സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായവര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസന് ഗണ്ടിഗെ ബിദറുഗെ (52), മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു (58), മലപ്പുറം എടക്കരയിലെ പി. നജിമുദീന്‍ (55), മിനിക്കോയിലെ ഓടിവലുമതികെ വീട്ടില്‍ ബഷീര്‍ (44) എന്നിവരെയാണ് ഡിആര്‍ഐ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഹസനും ബാബുവും നജീമുദീനുമാണ് പാലാരിവട്ടത്ത് ആദ്യം പിടിയിലായത്. ഇവരില്‍നിന്ന് കടല്‍വെള്ളരിയും കണ്ടെടുത്തു.
ലക്ഷദ്വീപില്‍നിന്ന് കൊണ്ടുവന്ന കടല്‍വെള്ളരി കൊച്ചിയില്‍ വില്പനയ്ക്കായി എത്തിച്ചതായിരുന്നു. ചോദ്യം ചെയ്യലില്‍ ബഷീറാണ് കടല്‍വെള്ളരി ലക്ഷദ്വീപില്‍നിന്ന് അയച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. കൊച്ചിയില്‍ എത്തിച്ച കടല്‍വെള്ളരി വില്‍ക്കുകയായിരുന്നു ആദ്യം പിടിയിലായവരുടെ ചുമതല. വിറ്റുകിട്ടുന്ന പണം കൈപ്പറ്റാന്‍ ലക്ഷദ്വീപില്‍നിന്ന് എത്തിയ ബഷീറിനെ മട്ടാഞ്ചേരി വാര്ഫില്വച്ചാണ് പിടികൂടിയത്. മകന് ജോലിക്കായി പണം കണ്ടെത്താനാണെന്നും ആദ്യമായാണ് ഇടപാടിനിറങ്ങിയതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണസംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
പിടിയിലായ ലക്ഷദ്വീപുകാരുമായി ബഷീറിന് മുന്‍പരിചയമുണ്ടായിരുന്നു. മട്ടാഞ്ചേരി, മലപ്പുറം സ്വദേശികളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ഹസനാണ്. ബാറില്‍വച്ചാണ് ഇവര്‍ പരിചയപ്പെടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്. അധീഷ് പറഞ്ഞു.