രാജനഗരിയുടെ മാവേലി അന്നും ഇന്നും പപ്പൻ തന്നെ
1450995
Friday, September 6, 2024 3:43 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: വര്‍ഷങ്ങളായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ഏറ്റവും മുന്നിലായി തലയെടുപ്പോടെ നടന്നുവരുന്നൊരു മാവേലിയുണ്ട്. തൃപ്പൂണിത്തുറ ചൂരക്കാട് സ്വദേശി പത്മകുമാര്‍ പാഴൂര്മഠമാണ് 31 വര്‍ഷമായി ഓണക്കാലത്ത് മാവേലിവേഷം കെട്ടുന്നത്.
അത്തച്ചമയ ഘോഷയാത്രയില്‍ ഇത് പതിമൂന്നാം വര്‍ഷവും. ഇന്നലെ വൈകിട്ട് തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നിന്ന് കൊടിപ്പതാക ഏറ്റുവാങ്ങിയ ചടങ്ങ് മുതല്‍ ഈ മാവേലി അവിടെയുണ്ട്. ഇന്ന് ഘോഷയാത്രയ്ക്കു ശേഷം രാത്രിയോടെ മാത്രമേ മാവേലിയുടെ കിരീടം അഴിക്കൂ.
37 വര്‍ഷം മുമ്പ് ഒരോണക്കാലത്ത് തൃപ്പൂണിത്തുറ തെക്കുംഭാഗം സഹൃദയവേദി നാട്ടരങ്ങിനുവേണ്ടിയാണ് പത്മകുമാര്‍ എന്ന പപ്പന് ആദ്യമായി മാവേലി വേഷമണിഞ്ഞത്. അത് എല്ലാവര്ക്കും നന്നേ ഇഷ്ടമായതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മാവേലിയായി തൃപ്പൂണിത്തുറക്കാര്‍ക്കു മുന്നിലെത്തി.
സുഹൃത്ത് ശശി വെള്ളക്കാട്ടാണ് നഗരസഭയുടെ ഓണാഘോഷത്തില്‍ മാവേലിയാകാൻ അവസരമൊരുക്കിയത്. നഗരസഭയ്ക്കുവേണ്ടിയുള്ള മാവേലിവേഷം പിന്നീടിങ്ങോട്ട് ഓരോ വർഷവും തുടരുന്നു. ഇതിനിടയില്‍ പ്രളയവും കോവിഡുമൊക്കെയായി ആറു വര്‍ഷം മുടങ്ങി.
പ്രഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ തൃപ്പൂണിത്തുറ ഗോവിന്ദരാജ് ഗോപാലനാചാരി, ചെറായി സജീവന് എന്നിവരാണ് രണ്ടര മണിക്കൂര്‍കൊണ്ട് പത്മകുമാറിനെ മാവേലിയായി അണിയിച്ച് ഒരുക്കുന്നത്. ആടയാഭരണങ്ങളും ഓലക്കുടയും മെതിയടിയുമൊക്കെ ബംഗളൂരുവില്‍ നിന്നാണ് വാങ്ങുന്നത്.
"മാവേലിയാകാന്‍ നല്ല അധ്വാനമുണ്ട്. മണിക്കൂറുകളോളം ഭക്ഷണവും വെള്ളവുമില്ലാതെ നില്‍ക്കണം. എന്നാൽ ആളുകളുടെ സ്നേഹവും കൗതുകവും കാണുമ്പോള്‍ ക്ഷീണം തോന്നാറില്ലെന്ന് പത്മകുമാര്‍ പറയുന്നു.
സംഗീതജ്ഞയായ ഭാര്യ തൃപ്പൂണിത്തുറ വി. മിനിയും ബിബിഎ വിദ്യാര്‍ഥിയായ മകന് വിഷ്ണു നാരായണനും പിന്തുണയുമായി ബിസിനസുകാരനായ പപ്പനൊപ്പമുണ്ട്.