കീഴ്ശാന്തി മോഷ്ടിച്ച തിരുവാഭരണം വീണ്ടെടുത്തു
1430804
Saturday, June 22, 2024 5:02 AM IST
ആലുവ: മോഷണശേഷം കീഴ്ശാന്തി വില്പന നടത്തിയ എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ 11 പവൻ വരുന്ന തിരുവാഭരണം വീണ്ടെടുത്തു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ സ്വകാര്യ ഗോൾഡ് ലോൺ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് നെക്ലെസ് ആലുവ പോലീസ് കണ്ടെത്തിയത്. ഈ കേസിൽ കീഴ്ശാന്തിയായ ആലപ്പുഴ മേന്നാശേരി തറയിൽ സുമേഷി(29)നെ എടത്തല പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 8ന് രാവിലെ മേൽശാന്തിയും ക്ഷേത്ര ഭാരവാഹികളും ഇല്ലാത്ത സമയത്ത് കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്നാണ് സ്വർണമാല പ്രതി മോഷ്ടിച്ചത്. അതിനു ശേഷം അവധിയിലാണ് താനെന്ന് ഫോണിലൂടെ ഭാരവാഹികളെ അറിയിച്ച ശേഷം പ്രതി ടാക്സിയിൽ മുങ്ങുകയായിരുന്നു.
ഇവ വിറ്റ് കിട്ടിയ അര ലക്ഷം രൂപയുമായി സ്ഥാപനത്തിന് എതിരെയുള്ള ലോഡ്ജിൽ തന്നെയാണ് പ്രതി നാലഞ്ച് ദിവസം ഒളിച്ചു താമസിച്ചത്. നാട്ടുകാരാണ് കീഴ്ശാന്തിയെ കണ്ടെത്തിയ വിവരം എടത്തല പോലീസിനെ അറിയിച്ചത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ തിരുവാഭരണം വീണ്ടെടുത്തത്.