കാരിക്കാമുറിയിലെ മൊബിലിറ്റി ഹബ് നിര്‍മാണം ഉടന്‍ ആരംഭിക്കണം; എംഎല്‍എ കത്ത് നല്കി
1424939
Sunday, May 26, 2024 3:50 AM IST
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി കാരിക്കാമുറിയില്‍ മൊബൈലിറ്റി ഹബ് സൊസൈറ്റി വിഭാവനം ചെയ്ത ബസ് സ്റ്റാന്‍ഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎല്‍എ മുഖ്യമന്ത്രിക്ക് കത്ത് നല്കി.
ഓരോ മഴയിലും മലിനജലം നിറഞ്ഞ് യാത്രക്കാര്‍ക്ക് നിരന്തരം ബുദ്ധിമുട്ട് സൃഷ്ടിച്ച ഘട്ടത്തില്‍ ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് കാരിക്കാമുറിയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിനുള്ള ധാരണയായത്. കഴിഞ്ഞ ജനുവരി 29 ന് ഇതുമായി ബന്ധപ്പെട്ട ധാരണ പത്രം ഗതാഗത, തദ്ദേശ സ്വയംഭരണ, വ്യവസായ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഒപ്പു വച്ചിരുന്നതുമാണ്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ പദ്ധതിയുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ നാളിതുവരെയായും ഒരു കല്ലു പോലും എടുത്ത് വച്ചിട്ടില്ല.
പദ്ധതിക്കായി സിഎസ്എംഎല്‍ 12 കോടി അനുവദിച്ചു. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് പ്രോജക്ട് റിപ്പോര്‍ട്ടും തയാറാക്കി. എന്നിട്ടും നിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വമാണ്. പദ്ധതിക്ക് മേല്‍നോട്ട ചുമതല വഹിക്കേണ്ടതായ വൈറ്റില മൊബിലിറ്റി ഹബിന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എസ്കിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട തസ്തികളില്‍ ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ്.
സിഎസ്എംഎല്‍ പദ്ധതികളുടെ കാലാവധി ജൂണില്‍ അവസാനിക്കും അതിനു മുന്‍പ് നിര്‍മാണം ആരംഭിക്കാനായില്ലെങ്കില്‍ പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ടി.ജെ. വിനോദ് കത്തില്‍ സൂചിപ്പിക്കുന്നു.