പിറവത്ത് യുഡിഎഫ് സ്ഥാനാർഥിയെ വരവേറ്റ് മാണി ഗ്രൂപ്പ് കൗൺസിലർ
1415729
Thursday, April 11, 2024 4:50 AM IST
പിറവം: കോട്ടയം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഫ്രാൻസീസ് ജോർജിന് സ്വീകരണം നൽകി മാണി ഗ്രൂപ്പിന്റെ പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം.
ഇന്നലെ പിറവത്ത് നടന്ന ഫ്രാൻസീസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പര്യടത്തിനിടെയാണ് പാമ്പാക്കുട കക്കയത്തിനടുത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചത്. തുടർന്ന് പര്യടനത്തെ അനുഗമിച്ചു. എൽഡിഎഫ് ഭരിക്കുന്ന പിറവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷനും പാർലമെന്ററി പാർട്ടി അധ്യക്ഷനുമാണ് ജിൽസ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് മാണി ഗ്രൂപ്പെന്നും പ്രചാരണ വിഭാഗം കൺവീനറാണ് ജോസ് കെ. മാണിയെന്നും അതിനാൽ യുഡിഎഫ് സ്ഥാനാർഥിയെ സ്വീകരിച്ചതിൽ തെറ്റില്ലെന്നുമാണ് ജിൽസിന്റെ നിലപാട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവം സീറ്റ് നിർണയത്തിൽ കേരള കോൺഗ്രസ് എമ്മുമായി അഭിപ്രായവിത്യാസത്തിലായിരുന്നു ജിൽസ്. എന്നാലും എൽഡിഎഫിൽ തന്നെ നിലകൊണ്ടാണ് പ്രവർത്തിക്കുന്നത്. രണ്ടു മാസം മുമ്പ് പിറവം നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലും ജിൽസ് എൽഡിഎഫിനൊപ്പമായിരുന്നു.
സ്വീകരണ ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ, അനൂപ് ജേക്കബ് എംഎൽഎ, അബു ജോസഫ്, ഐ.കെ. രാജു, ഷിബു തെക്കുപുറം, കെ.ആർ. ജയകുമാർ, രാജു പാണാലിക്കൽ, വിൽസൺ കെ. ജോൺ, എ.സി. ജോസ്, ജോണി അരീക്കാട്ടിൽ, അരുൺ കല്ലറയ്ക്കൽ, സി.പി. ടൈറ്റസ്, ഡോമി ചിറപ്പുറം തുടങ്ങിയവരുമുണ്ടായിരുന്നു.