ഗോശ്രീ ബസുകളുടെ നഗരപ്രവേശനം; അന്തിമ വിജ്ഞാപനമായി
1374133
Tuesday, November 28, 2023 2:32 AM IST
വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിന് അന്തിമ വിജ്ഞാപനമിറങ്ങിയതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. കൊച്ചി നഗരത്തിലെ ചില റൂട്ടുകള്‍ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക് ഹൈക്കോടതി ജംഗ്ഷന് വരെയായിരുന്നു യാത്രാ അനുമതി ഉണ്ടായിരുന്നത്.
അവിടെനിന്ന് മറ്റ് ബസുകളിൽ കയറിയാണ് ദ്വീപു നിവാസികൾ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിരുന്നത്. 2004ൽ ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയായതു മുതൽ വൈപ്പിനിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം ചില കെഎസ്ആർടിസി ബസുകളെ മാത്രം ആശ്രയിച്ചായിരുന്നു വൈപ്പിൻ നിവാസികളുടെ നേരിട്ടുള്ള നഗര യാത്ര.
കൂടുതല്‍ പുതിയ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ബസുകളുടെ നഗരപ്രവേശനം സംബന്ധിച്ച് കരട് വിജ്ഞാപനം ഇറക്കി മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ച ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.