ചങ്ങനാശേരി മാര്‍ക്കറ്റ് പൈതൃക നവീകരണം: ചര്‍ച്ചകള്‍ പുരോഗതിയില്‍
1549281
Friday, May 9, 2025 8:00 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മാര്‍ക്കറ്റ് മുഖം മിനുക്കുവാനുള്ള ചര്‍ച്ചകള്‍ അടുത്തഘട്ടത്തിലേക്ക് കടന്നു. ബോട്ട് ജെട്ടിയില്നിന്നാരംഭിച്ച് 1.3കിലോ മീറ്റര്‍ ദൂരമാണ് പൈതൃക നവീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിലെ 120 മീറ്റര്‍ ദൂരത്തില്‍ സാധ്യതാ പഠനം നടത്തുകയും അതിന്റെ ഭാഗമായി ഈ പ്രദേശത്തുള്ള കച്ചവടം സുഗമമാക്കുന്നതിന്റെ ഭാഗമായി മഴയത്തും വെയിലത്തും ഒരു പോലെ കച്ചവടം നടത്തുന്നതിനും ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വാഹനയാത്രികർക്കും തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലുള്ള റൂഫിംഗ് സംവിധാനം ഒരുക്കും.
വൈദ്യുത ലൈനുകള്‍ മാറ്റി ഭൂമിക്കടിയിൽ പ്രത്യേക ചാലുകള്‍ നിര്‍മിച്ച് അതില്‍ സ്ഥാപിക്കും. അതിലൂടെതന്നെ ഉപരിതലത്തിലുള്ള വയറുകള്‍ കൊണ്ടുള്ള കുരുക്ക് അഴിയും. വെള്ളം ഒഴുകുന്നതിന് പ്രത്യേക ഡ്രെയിനേജുകള്‍ നിര്‍മിക്കും. ജോബ് മൈക്കിള്‍ എംഎല്‍എയുടെ ബജറ്റ് വിഹിതത്തില്‍നിന്നു മൂന്നു കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എംഎല്‍എയുടെ നിര്‍ദേശാനുസരണം ചങ്ങനാശേരി മര്‍ച്ചന്റ് അസോസിയേഷന് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ശ്രീലേഖ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മഞ്ജുള, അസിസ്റ്റന്റ് എന്‍ജിനിയര്‍ അര്‍ച്ചന, ഓവര്‍സിയര്‍ പ്രമോദ്, നിരത്ത് വിഭാഗം അസിസ്റ്റന്റ്എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സിനി മെറിന് ഏബ്രഹാം, ഓവര്‍സിയര്‍ ലാവണ്യ, പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ട് ഋതു, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് പ്ലാന്തോട്ടം മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.