നൂറുമേനി വചനം ജീവിക്കാനുള്ള തീവ്ര ശ്രമം: മോൺ. സ്കറിയ കന്യാകോണിൽ
1549279
Friday, May 9, 2025 7:55 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിൽ വളരെ പ്രാധാന്യത്തോടെ നടത്തപ്പെടുന്ന വിശുദ്ധ ബൈബിൾ പഠന പദ്ധതിയായ നൂറുമേനി, ദൈവവചനം അനുദിന ജീവിതത്തിൽ ജീവിക്കാനുള്ള തീവ്രപരിശ്രമം ആണെന്നും താല്പര്യത്തോടെ അതിൽ പങ്കുചേരുന്ന എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും വികാരിജനറാൾ മോൺ. സ്കറിയ കന്യാകോണിൽ. ചങ്ങനാശേരി മോർ ക്കുളങ്ങര എകെഎം പബ്ലിക് സ്കൂളിൽ നടന്ന സന്യസ്തരുടെ നൂറുമേനി അതിരൂപത മത്സരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.
തിരക്കുകളും അനിശ്ചിതത്വവും നിറഞ്ഞ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ദൈവത്തിനും വിശുദ്ധ ബൈബിളിനും ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുമ്പോഴാണ് ജീവിതത്തിന്റെ ദിശാബോധം കണ്ടെത്താൻ കഴിയുന്നതും പ്രത്യാശയോടെ മുന്നേറാൻ കഴിയുന്നതെന്നും ദൈവവചന പഠനം നമ്മെ ആത്യന്തികമായി പ്രേഷിതരായാണ് രൂപാന്തരപ്പെടുത്തേണ്ടതെന്നും വികാരി ജനറാൾ ഓർമിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ, നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ,എഫ്സിസി പ്രൊവിൻഷ്യൽ മദർ വിജി എഫ്സിസി, എകെഎം സ്കൂൾ മാനേജർ സിസ്റ്റർ ലിസ് മരിയ വാഴേക്കളം എസ്എബിഎസ്, പ്രിൻസിപ്പൽ സിസ്റ്റർ സാങ്റ്റാ മരിയ തുരുത്തിമറ്റത്തിൽ എസ്എബിഎസ്, ടോമിച്ചൻ കൈതക്കളം എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ 51 കോൺഗ്രിഗേഷനുകളിൽ നിന്നായി സന്യസ്തർക്കും സന്യാസാർത്ഥിനികൾക്കുമായി നാലു കാറ്റഗറികളിലായി കോൺഗ്രിഗേഷൻ തല മത്സരങ്ങളിൽ നിന്ന് വിജയികളായി വന്ന 150 ഓളം പേരാണ് അതിരൂപത മത്സരത്തിൽ പങ്കെടുത്തത്.
കുടുംബങ്ങൾക്കായുള്ള നൂറുമേനി ഫൊറോന മത്സരം മേയ് 11 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് അതിരൂപതയിലെ 18 ഫൊറോനകളിൽ വച്ച് നടത്തപ്പെടുന്നു. ഫൊറോന വികാരിമാർ മത്സരം ഉദ്ഘാടനം ചെയ്യുന്നതാണ്. ഇടവകകളിൽ നടന്ന നൂറുമേനി മത്സരത്തിൽ കുടുംബമായി 150 മാർക്കോ അതിലധികമോ, വ്യക്തിപരമായി 75 മാർക്കോ അതിലധികമോ ലഭിച്ചവരാണ് കുടുംബ നൂറുമേനി ഫൊറോന മത്സരത്തിൽ പങ്കെടുക്കുന്നത്.
വിശദവിവരങ്ങൾക്ക്: +91 99613 69380, +91 73062 08356