രാസലഹരിക്കച്ചവടക്കാരന് കരുതല്‍ തടങ്കലില്‍
1548760
Wednesday, May 7, 2025 11:53 PM IST
മുണ്ടക്കയം: രാസലഹരിയായ എംഡിഎംഎയുമായി കഴിഞ്ഞ നവംബറിൽ ചോറ്റി ത്രിവേണിയിൽനിന്നു പിടിയിലായ തിരുവനന്തപുരം സ്വദേശിയെ പോലീസ് കരുതൽ തടങ്കിലാക്കി. തിരുവനന്തപുരം പുളിയറക്കോണം സ്വദേശി അരവിന്ദഭവനിൽ അരവിന്ദ് അനിലിനെ (27) ആണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരുതല്‍ തടങ്കലിലാക്കിയത്. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
2024 നവംബർ നാലിനാണ് 40 ഗ്രാം എംഡിഎംഎയുമായി ചോറ്റി ത്രിവേണിയിൽനിന്ന് അരവിന്ദിനെ പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശികളായ അമ്മയും രണ്ടു മക്കളും അടങ്ങുന്ന കുടുംബമാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്.
ഇവരുടെ ബന്ധുവായ അരവിന്ദ് എറണാകുളത്തുനിന്നു വാങ്ങിയ എംഡിഎയുമായി തിരുവനന്തപുരത്തേക്ക് പോകുംവഴി ചോറ്റിയിലെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് പിടിയിലായത്.
സംഭവത്തെത്തുടർന്ന് വാടകവീട് കേന്ദ്രീകരിച്ച് ആഭിചാരക്രിയ അടക്കമുള്ളവ നടക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തുകയും ഈ കുടുംബം ഇവിടെനിന്നു താമസം മാറ്റുകയും ചെയ്തിരുന്നു.