വൈക്കം കായലോരത്തെ നാഴികമണിശിൽപ്പം പുനഃസ്ഥാപിക്കണമെന്ന്
1549271
Friday, May 9, 2025 7:55 AM IST
വൈക്കം: വൈക്കം കായലോരത്ത് കുട്ടികളുടെ പാർക്കിനു മുൻവശത്തായി സ്ഥാപിച്ചിരുന്ന കൂറ്റൻ നാഴികമണിശിൽപ്പം കാറ്റിൽ തകർന്നുവീണിട്ട് ഒരു വർഷമായിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമായി. വൈക്കം കായലോരബീച്ചിൽ കെടിഡിസി മോർട്ടലിനു സമീപത്തായി വെയിലും മഴയുമേറ്റ് നിറം മങ്ങിയ നിലയിലാണ് ശിൽപ്പമിപ്പോൾ.
കൊച്ചിയിൽ ബിനാലെയിൽ കുറുപ്പന്തറ സ്വദേശിയായ ശിൽപി ജിജി സ്കറിയ ക്രോണിക്കിൾ ഓഫ് ദ സീഷോർ ഫോർ ടോൾഡ് എന്ന പേരിൽ ഒരുക്കിയ ഇൻസ്റ്റലേഷനായിരുന്നു ഈ നാഴികമണിശിൽപ്പം.
മണിയുടെ ദ്വാരത്തിലുടെ ജലം തുള്ളിയായി വാർന്നു വീഴുന്ന വിധത്തിലായിരുന്നു നാഴികമണി ശിൽപ്പം. കാലത്തിന്റെ അനസ്യൂതമായ പ്രവാഹത്തെ വെളിവാക്കുന്ന ശിൽപം ലളിതകലാ അക്കാദമിയാണ് 2014ൽ ചരിത്രമുറങ്ങുന്ന വൈക്കത്ത് സ്ഥാപിച്ചത്. കായലോരത്ത് ഇരുമ്പുതൂണുകളിലായിരുന്നു ഉറപ്പിച്ചിരുന്നത്.
അറ്റകുറ്റപ്പണി നടത്താതിരുന്നതിനാൽ ശിൽപ്പത്തിന്റെ ഇരുമ്പുകാലുകൾ തുരുമ്പിച്ച നിലയിലായിരുന്നു. ശക്തമായ കാറ്റിൽ നാഴികമണിശിൽപ്പം തകർന്നു വീണതിനെത്തുടർന്ന് യന്ത്രസഹായത്തോടെയാണ് കായലോര ബീച്ചിലേക്ക് മാറ്റിയത്.
ലളിതകലാ അക്കാദമി നാഴികമണിശിൽപ്പം പുനഃസ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയെങ്കിലും അക്കാദമിയുടെ സാമ്പത്തിക പരാധീനതയാണ് തുടർനടപടികൾ തടസപ്പെടുത്തിയത്.
ഫണ്ട് ലഭിച്ചാലുടൻ നാഴികമണിശിൽപ്പം വിനോദ സഞ്ചാരമേഖലയ്ക്കുകൂടി ഗുണപ്രദമാകുന്ന തരത്തിൽ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.