സയൻസ് സിറ്റി ഉദ്ഘാടനം: നിലപാട് ആവർത്തിച്ച് ജോസ് കെ. മാണി
1549040
Friday, May 9, 2025 12:09 AM IST
വെമ്പള്ളി: സയൻസ് സിറ്റി യാഥാർഥ്യമാക്കുന്നതിൽ ബന്ധമില്ലാത്ത ജനപ്രതിനിധികൾ വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഖേദകരമാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി പറഞ്ഞു. കേരള കോൺഗ്രസ്-എം കാണക്കാരി മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
എംപിഫണ്ടും എംഎൽഎഫണ്ടും വിനിയോഗിച്ചുള്ള പ്രവർത്തനങ്ങളല്ല ഒരു നാടിന്റെ വികസനഅടയാളങ്ങൾ. ബൃഹത്തായ പദ്ധതികളും ജനോപകാരപ്രദമായ സംരംഭങ്ങളും നാട്ടിലെത്തിക്കാൻ ജനപ്രതിനിധികൾക്ക് കഴിയണം. ഇത്തരം വികസനങ്ങൾ കടുത്തുരുത്തി നിയോജകമണ്ഡലത്തിന് കഴിഞ്ഞ ഒരു ദശാബ്ദത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ജനങ്ങൾ പരിശോധിക്കണം.
ഈ കാലയളവിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തെ വികസനവുമായി ബന്ധപ്പെടുത്തുന്ന അടയാളം സയൻസ് സിറ്റി മാത്രമാണെന്നും ജോസ് കെ. മാണി എംപി പറഞ്ഞു. സയൻസ് സിറ്റിയുടെ ഉദ്ഘാടനം ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും എംപി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.
തോമസ് ചാഴികാടൻ , സണ്ണി തെക്കേടം, സ്റ്റീഫൻ ജോർജ്, ലോപ്പസ് മാത്യു, നിർമല ജിമ്മി, ഡോ. സിന്ധുമോൾ ജേക്കബ്, ഷിബു കുപ്പക്കര, എമ്മാനുവേൽ തോമസ്, ബിജു പാതിരിമല, ജോർജ് ഗർവാസീസ്, ടൈറ്റസ് മാളോല, ആശാമോൾ ജോബി, ബിൻസി സിറിയക്, മേരി തുമ്പക്കര , വിനീത രാഗേഷ്, ജോമോൻ സ്കറിയ എന്നിവർ പ്രസംഗിച്ചു.