കള്ളടാക്സികളെ നിയന്ത്രിക്കണമെന്ന്
1549050
Friday, May 9, 2025 12:09 AM IST
പൊൻകുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിന്റെ വിവിധ മേഖലകളിലെ കള്ള ടാക്സികളെ നിയന്ത്രിക്കണമെന്ന ആവശ്യം ശകതമായി. ഇതു സംബന്ധിച്ച് മാസങ്ങൾക്കു മുമ്പ് ഡ്രൈവർമാരുടെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികൾ മോട്ടോർ വാഹന വകുപ്പിന്റെ കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീസിൽ പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.
മേഖലയിൽ റെന്റ് എ കാറും കള്ളടാക്സികളുമായി ഓടുന്ന 40 വാഹനങ്ങളുടെ നമ്പരുകൾ സഹിതമാണ് പരാതി നൽകിയിരുന്നതെന്ന് ഡ്രൈവർമാർ പറഞ്ഞു.
കള്ളടാക്സികൾ കേന്ദ്രീകരിച്ചാണ് പലവിധ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഇവർ ആരോപിച്ചു. വാടകയും മറ്റും കുറവായതിനാൽ പലരും കള്ള ടാക്സികളെ ആശ്രയിക്കാറുണ്ട്. എന്നാൽ, ഇത്തരം വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ അതിലുള്ള യാത്രക്കാർക്ക് യാതൊരുവിധ നിയമപരിരക്ഷയും ലഭിക്കില്ല. ടാക്സി തൊഴിലാളികളുടെ ഉപജീവനത്തെ കാര്യമായി ബാധിക്കുന്ന കള്ളടാക്സികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ആവശ്യപ്പെട്ടു.