പൂവരണി, കൂടപ്പുലം, കെഴുവംകുളം സ്കൂളുകള്‍ക്ക് പുതിയ മന്ദിരങ്ങള്‍
1549035
Friday, May 9, 2025 12:08 AM IST
പാലാ: വിദ്യാഭ്യാസ ജില്ലയിലെ മൂന്നു സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് നവീന മന്ദിരങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി ജോസ് കെ. മാണി എംപി അറിയിച്ചു. 2022-23 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു സ്കൂള്‍ മന്ദിരങ്ങള്ക്കായിട്ടാണ് 2023-ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നല്‍കിയിരുന്നത്.
തുടര്‍ നടപടികള്‍ വൈകിയതിനെത്തുടര്‍ന്ന് നിര്‍മാണ നടപടികള്‍ അനിശ്ചിതത്വത്തിലാവുകയും തുടര്‍ന്ന് പ്രാദേശിക ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകളെത്തുടര്ന്നുമാണ് എസ്റ്റിമേറ്റും, സാങ്കേതികാനുമതിയും ലഭ്യമാക്കി ഇപ്പോള്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായുള്ള നടപടികള്‍ നടന്നുവരുകയാണ്.
ആദ്യഘട്ടത്തില്‍ മീനച്ചില്‍ പഞ്ചായത്തിലെ പൂവരണി ഗവണ്മെന്റ് യുപി സ്കൂള്‍, രാമപുരം പഞ്ചായത്തിലെ കൂടപ്പുലം എല്‍പി സ്കൂള്‍, കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളം എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ മന്ദിരങ്ങള്ക്കായുള്ള നടപടികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഓരോ സ്കൂളിനും 1.58 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്.
ഐങ്കൊമ്പ് എല്‍പി സ്കൂള്‍, അന്തീനാട് യുപി സ്കൂള്‍, ചക്കാമ്പുഴ യുപി സ്കൂള്‍ എന്നിവയ്ക്കു പുതിയ മന്ദിരങ്ങള്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുന്നേ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. ഇവിടങ്ങളിലും പുതിയ മന്ദിരങ്ങള്ക്കായുള്ള രൂപകല്പന പൂര്‍ത്തീകരിച്ച് സാങ്കേതികാനുമതിക്ക് നടപടികള്‍ നടന്നുവരുന്നു.
പൂവരണി ഗവണ്മെന്റ് എല്‍പി സ്കൂളിനുള്ള പുതിയ മന്ദിര നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞതായി മീനച്ചില്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സാജോ പൂവത്താനി പറഞ്ഞു.
മുടങ്ങിക്കിടന്ന സ്കൂള്‍ കെട്ടിടനിര്‍മാണ പദ്ധതികള്‍ പൂര്‍ത്തികരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ച വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടിയെയും ജോസ് കെ. മാണി എം.പിയെയും കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് യോഗം അനുമോദിച്ചു. പ്രസിഡന്റ് ടോബിന് കെ. അലക്സ് അധ്യക്ഷത വഹിച്ചു.