അപകടഭീഷണിയായ മരം വെട്ടിമാറ്റാതെ അധികൃതര്‍
1548752
Wednesday, May 7, 2025 11:53 PM IST
രാമപുരം: ഉണങ്ങി വീഴാറായ മരം വെട്ടിമാറ്റാതെ അധികൃതര്‍. നെല്ലാപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമാണ് മരം ഉണങ്ങി എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന വിധത്തില്‍ നില്‍ക്കുന്നത്. മരത്തിന്റെ ഒരു ഭാഗത്ത് റോഡും വൈദ്യുതി ലൈനുമുണ്ട്. എതിര്‍ഭാഗത്ത് നെല്ലാപ്പാറ, പൂവക്കുളംമല, തോയിപ്പറ തുടങ്ങിയ ഭാഗങ്ങളിലെ നൂറുകണക്കിന് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന നെല്ലാപ്പാറ കുടിവെള്ള പദ്ധതിയുടെ വാട്ടര്‍ ടാങ്കും മറ്റൊരു ഭാഗത്ത് ഹോമിയോ ആശുപത്രിയുമാണുള്ളത്.
മരം ഒടിഞ്ഞാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് മുകളിലായിരിക്കും വീഴുക. ഇടുക്കി ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിര്‍ത്തി പ്രദേശമായ ഇവിടെ ഓരോ തവണയും മഴയും കാറ്റും വരുമ്പോള്‍ ഭീതിയോടെയാണ് ഈ പ്രദേശത്തുള്ളവര്‍ കഴിയുന്നത്. ഹോമിയോ ആശുപത്രിയില്‍ എത്തുന്ന രോഗികളും ഭയത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്.
വെള്ളംനീക്കിപ്പാറ, നെല്ലാപ്പാറ കോളനി തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും നിരവധി ആളുകള്‍ നെല്ലാപ്പാറ ബസ് സ്റ്റോപ്പില്‍ ബസ് കയറുവാന്‍ എത്തുന്നത് ഈ വഴിയിലൂടെയാണ്. അങ്കണവാടിയും ഈ മരം നില്ക്കുന്ന പ്രദേശത്തുണ്ട്. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡിലാണ് മരം നില്‍ക്കുന്നത്. എത്രയും പെട്ടെന്ന് മരം വെട്ടിമാറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.