വേളാങ്കണ്ണിക്ക് ഒരു ട്രെയിൻകൂടി; ആദ്യയാത്ര 14ന്
1549262
Friday, May 9, 2025 7:46 AM IST
ചങ്ങനാശേരി: മധ്യകേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാരുടെയും തീര്‍ഥാടകരുടെയും ആവശ്യം പരിഗണിച്ച് എറണാകുളത്തുനിന്നു വേളാങ്കണ്ണിയിലേക്ക് പുതിയൊരു സ്പെഷല്‍ ട്രെയിന്‍കൂടി (06061/62) അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
14ന് രാത്രി 11.50ന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന ആദ്യ സര്‍വീസ് അടുത്തദിവസം വൈകുന്നേരം 3.15ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരും. 15ന് വൈകുന്നേരം 6.40ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ 16ന് പകല്‍ 11.55ന് എറണാകുളത്ത് എത്തും. ആറ് ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ അടക്കം 18 കോച്ചുകള്‍ ഉണ്ട്.
കഴിഞ്ഞയാഴ്ച മധുരയില്‍ നടന്ന ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്മായുള്ള കൂടിക്കാഴ്ചയില്‍ വേളാങ്കണ്ണിയിലേക്ക് അധിക ട്രെയിന്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍നിന്നു യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ എംപിമാരും ആവശ്യത്തെ പിന്തുണച്ചു.
കേരളത്തില്‍നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക സര്‍വീസ് അനുവദിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ തേടി വേളാങ്കണ്ണി പള്ളി മാനേജ്മെന്റ് കമ്മിറ്റി നേരത്തേ കൊടിക്കുന്നില്‍ സുരേഷിന് നിവേദനം നല്‍കിയിരുന്നു.