പാലാ രൂപത പ്ലാറ്റിനം ജൂബിലി മ്യൂസിക്കല്‍ ആല്‍ബം തയാറായി
1549053
Friday, May 9, 2025 12:09 AM IST
പാലാ: പാലാ കമ്യൂണിക്കേഷന്‍സും എസ്എച്ച് മീഡിയയും സംയുക്തമായി പാലാ രൂപത പ്ലാറ്റിനം ജൂബിലിക്കു വേണ്ടി വിശുദ്ധീകരിക്കുന്ന ബലിപീഠമേ എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി. ഇന്നലെ പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ചടങ്ങില്‍ മുന്‍ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ മാര്‍ ജോര്‍ജ് കോച്ചേരില്‍ മുന്‍ കൊല്ലം ബിഷപ് ഡോ. സ്റ്റാലിന് റോമന്‍ നല്കി ആല്‍ബം പ്രകാശനം ചെയ്തു.
ബലിപീഠം കേന്ദ്രീകൃതമായ ആധ്യാത്മികതയെ പ്രകീര്‍ത്തിക്കുന്ന ഈ ഗാനം കഴിഞ്ഞ 75 വര്‍ഷത്തെ പാലാ രൂപതയ്ക്ക് ലഭിച്ച ആത്മീയ അനുഗ്രഹങ്ങളെ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സ്മരിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഫാ. ജോസ് തറപ്പേലാണ് ഗാനരചന. സംഗീത സംവിധാനം വിദ്യാധരന് മാസ്റ്ററും ആലാപനം ചലച്ചിത്ര പിന്നണി ഗായകന് സുധീപ് കുമാറും നിര്‍വഹിച്ചിരിക്കുന്നു. സംവിധാനം ഫാ. ക്രിസ്റ്റി പന്തലാനിയാണ്. ഓര്ക്കാസ്ട്രേഷന് വിജയന് പൂഞ്ഞാര്‍, ഛായാവിഷ്ക്കരണം ഷിനൂബ് ചേന്നാട്, വീഡിയോ എഡിറ്റിംഗ് സിസ്റ്റര്‍ ഏയ്ഞ്ചല്‍ എസ്എച്ച് എന്നിവരുമാണ്.
ബലിപീഠം ഹൃദയത്തോടു ചേര്‍ത്ത വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്, ധന്യന്‍ കദളിക്കാട്ടില്‍ അച്ചന്, ദൈവദാസന് ബ്രൂണോ അച്ചന്, ദൈവദാസി മേരി കൊളോത്താ എഫ്സിസി എന്നിവരെയെല്ലാം ചിത്രീകരിച്ചിരിക്കുന്ന ആല്‍ബം ബലിപീഠ കേന്ദ്രീകൃതമായ ആധ്യാത്മികതയുടെ മഹത്വം പ്രകീര്‍ത്തിക്കുന്നതാണ്. നാളെ പ്രവിത്താനത്തു നടക്കുന്ന ചടങ്ങില്‍ ആല്‍ബത്തിലെ ഗാനങ്ങള്‍ ആലപിക്കും.