പാലാ ജനറല്‍ ആശുപത്രി റോഡ് മുഖം മിനുക്കുന്നു
1549038
Friday, May 9, 2025 12:09 AM IST
പാലാ: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടു കോടി രൂപ ഉപയോഗിച്ച് പാലാ കെ.എം. മാണി ജനറല്‍ ആശുപത്രിയുടെ മുന്‍വശം റോഡ് 150 മീറ്റര്‍ ഭാഗം നവീകരിക്കുന്നു. ഇതിനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം തയാറാക്കി.
ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് പണി ആരംഭിക്കും. നിലവില്‍ ആമ്പുലന്‍സും മറ്റു വാഹനങ്ങളും ആശുപത്രി കോമ്പൗണ്ടില്‍ പ്രവേശിക്കുന്നത് ഇടുങ്ങിയ റോഡിലൂടെയാണ്. ബജറ്റില്‍ പണം അനുവദിച്ച ഉടന്‍തന്നെ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ആശുപത്രി സൂപ്രണ്ടും സ്ഥലം സന്ദര്‍ശിച്ച് എസ്റ്റിമേറ്റ് തയാറാക്കുകയായിരുന്നു.
പഴയ മോര്‍ച്ചറി ഇരിക്കുന്ന ഭാഗം ഉയര്‍ത്തി വീതി കൂട്ടുകയും കയറ്റം കുറയ്ക്കുകയും ചെയ്യും. ആശുപത്രി ജംഗ്ഷന് മുതല്‍ പാലാ ബൈപാസ് വരെ 540 മീറ്റര്‍ ദൂരമുണ്ട്. ഈ റോഡ് പൂര്‍ണമായും വികസിപ്പിക്കണമെങ്കില്‍ ഒന്‍പതു പേരുടെ സ്ഥലം ഏറ്റെടുക്കണം.
2013 ല്‍ 3.5 കോടി രൂപ ഇതിനായി അനുവദിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിനാലും പുതിയ അക്വസിഷന്‍ ആക്ട് വന്നതിനാലും ഇത് ലാപ്സായി. കഴിഞ്ഞ വര്‍ഷം ആശുപത്രി വക 2.72 സെന്റ് സ്ഥലം റോഡ് വികസനത്തിനായി പൊതുമരാമത്ത് വകുപ്പിന് വിട്ടുനില്കിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശുപത്രി വികസന സമിതിയംഗം പീറ്റര്‍ പന്തലാനി നല്കിയ നിവേദനത്തെ തുടര്‍ന്ന് മാണി സി കാപ്പന് എംഎല്‍എ തന്റെ പ്രാദേശിക വികസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. 100 രൂപ ടോക്കണ്‍ അനുവദിച്ചു. വീണ്ടും ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ വര്‍ഷം രണ്ടു കോടി രൂപ അനുവദിച്ചത്.
ഭൂ ഉടമകളില്‍ നിന്നും സ്ഥലം ഏറ്റെടുത്ത് റോഡ് പൂര്‍ണമായും വികസിപ്പിക്കണമെങ്കില്‍ 25 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. റോഡ് വികസനം പൂര്ണമായാല് കുറവിലങ്ങാട്, രാമപുരം, തൊടുപുഴ, ഈരാറ്റുപേട്ട റോഡിലൂടെ ബൈപാസ് വഴി ആശുപത്രിയിലെത്തുന്നത് എളുപ്പമാവും.
നിലവില്‍ ദിവസേന വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം രോഗികള്‍ എത്തുന്ന ആശുപത്രിയാണ് പാലാ ജനറല്‍ ആശുപത്രി.