സന്തോഷ് കൊലക്കേസ്: ദമ്പതികള്‍ക്ക് ജീവപര്യന്തം
1549042
Friday, May 9, 2025 12:09 AM IST
കോട്ടയം: മാങ്ങാനം സന്തോഷ് വധക്കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപവീതം പിഴയും ശിക്ഷ. കോട്ടയം മുട്ടമ്പലം സ്വദേശി വിനോദ് കുമാര്‍ (കമ്മല്‍ വിനോദ്-46), ഭാര്യ കുഞ്ഞുമോള്‍ (44) എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചത്. തുക കൊല്ലപ്പെട്ട സന്തോഷിന്റെ പിതാവിന് നല്‍കാനാണ് നിര്‍ദേശം. 2017 ഓഗസ്റ്റ് 23ന് പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷി(36)നെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നശേഷം കഷണങ്ങളാക്കി ചാക്കില്‍ കെട്ടി പലയിടങ്ങളിള് ഉപേക്ഷിക്കുകയായിരുന്നു.
കുഞ്ഞുമോളും സന്തോഷുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്നും ഇതില്‍ വിനോദിനുണ്ടായ വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.
പിതാവിനെ ചവിട്ടിക്കൊന്ന കേസില്‍ കമ്മല്‍ വിനോദ് വിചാരണ നേരിടുന്നതിനിടെയാണ് ജയിലില്‍വച്ച് സന്തോഷിനെ പരിചയപ്പെടുന്നത്. യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സന്തോഷ്. ജാമ്യത്തില്‍ ഇറങ്ങിയ സന്തോഷിനോട് തന്റെ ഭാര്യ കുഞ്ഞുമോളെ സഹായിക്കണമെന്ന് വിനോദ് പറഞ്ഞിരുന്നു. പില്ക്കാലത്ത് കുഞ്ഞുമോളുമായി സന്തോഷ് അടുപ്പത്തിലായി. പുറത്തിറങ്ങിയ വിനോദ് ഇതറിഞ്ഞ് സന്തോഷിനെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ കുഞ്ഞുമോളെക്കൊണ്ട് മീനടത്തെ വാടകവീട്ടിലേക്ക് ഫോണില്‍ വിളിപ്പിച്ച് കൃത്യം നടത്തുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. സിറില്‍ തോമസ് പാറപ്പുറം, അഡ്വ. ധനുഷ് ബാബു, അഡ്വ. സിദ്ധാര്‍ത്ഥ എസ്. എന്നിവരാണ് ഹാജരായത്.