അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം യാഥാർഥ്യത്തിലേക്ക്
1548991
Thursday, May 8, 2025 7:51 AM IST
ചേർത്തല: നിയമക്കുരുക്കുകൾ തരണം ചെയ്ത് അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ പുലിമുട്ട് നിർമാണ ടെൻഡറിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. പുലിമുട്ടുകളുടെ ശേഷിക്കുന്ന നിർമാണത്തിന് 103 കോടി രൂപയുടെ കരാറിനാണ് അംഗീകാരം.
തീരദേശത്തിന്റെ സ്വപ്നപദ്ധതിയായ അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പുലിമുട്ട് നിർമാണത്തിന്റെ കരാർ നിയമക്കുരുക്കുകളിൽ അകപ്പെട്ടിരുന്നു. ഫിഷറീസ് മന്ത്രി സജി ചെറിയാനുമായി ചേർന്ന് നടത്തിയ നിരന്തര പരിശ്രമഫലമായാണ് നിയമതടസങ്ങളെല്ലാം മറികടന്ന് കരാറിന് അംഗീകാരമായത്.
രണ്ടുഘട്ടങ്ങളായി അനുവദിച്ച പണം ഉപയോഗിച്ച് നിര്‍മാണം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. നിലവിൽ വടക്കേ പുലിമുട്ട് 260 മീറ്ററും തെക്കേ പുലിമുട്ട് 510 മീറ്ററുമണ് പൂർത്തിയായിട്ടുള്ളത്.
രാജ്യത്ത് ആദ്യമായി
കടലിലെ ചെളി മൂലമുള്ള സിങ്കേജ് കാരണം പണി മുടങ്ങുമെന്ന ഘട്ടത്തിൽ കൃഷിമന്ത്രിയുടെയും ഫിഷറീസ് മന്ത്രിയുടെയും ഇടപെടലിന്റെ ഫലമായി രാജ്യത്ത് ആദ്യമായി എഫ്ഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നബാർഡ് മുഖേന വായ്പ ലഭിച്ചതാണ് പദ്ധതിക്ക് പുനർജന്മമേകിയത്.
പൂർണമായും തിരിച്ചടയ്ക്കേണ്ട വായ്പയായി ലഭിക്കുന്ന പണം ഉപയോഗിച്ചുള്ള കരാറിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. 5.07% വാർഷിക പലിശയിൽ ലഭിക്കുന്ന തുകയ്ക്ക് രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ 12 വർഷമാണ് തിരിച്ചടവ് കാലാവധി. പണി പൂർത്തിയാക്കാനുള്ള സമയപരിധി മേയ് 2025 ആയിരുന്നെങ്കിലും പിന്നീട് അത് 2027 വരെ ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്.
പുലിമുട്ട് നിർമാണം പുനരാരംഭിക്കുന്നതിന് ഹാർബർ എന്‍ജിനിയറിംഗ് വകുപ്പ് ടെൻഡർ ചെയ്തെങ്കിലും ഒരു കരാറുകാരൻ കോടതിയെ സമീപിച്ചതോടെ മുന്നോട്ട് പോയില്ല. ടെൻഡർ റദ്ദാക്കി പുതിയതു ക്ഷണിച്ചെങ്കിലും നിയമ പ്രശ്നങ്ങൾ തുടർന്നു. തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
കരാർ നടപടികൾ
ഇതോടെ ഇനി നിർമിക്കാനുള്ള 655 മീറ്റർ തെക്കേ പുലിമുട്ട്, 190 മീറ്റർ വടക്കേ പുലിമുട്ട് എന്നിവയുടെ നിർമാണം ഉടൻ ആരംഭിക്കുവാൻ സാധിക്കും.
കൂടാതെ പദ്ധതിയുടെ ഭാഗമായുള്ള ടോയ്ലറ്റ് ബ്ലോക്ക്, ലോക്കർ റൂം, ഫിഷ് ലാൻഡിംഗ് സെന്റർ - ഫിഷിംഗ് ഹാർബർ റോഡ് തുടങ്ങിയവയുടെ നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.
ഓവർഹെഡ് വാട്ടർ ടാങ്ക് നിർമാണം, ഐസ് പ്ലാന്റ്, ഹൈഡ്രോഗ്രാഫിക് സർവേയറുടെ കാര്യാലയം എന്നിവയുടെ കരാർ നടപടികൾ പുരോഗമിക്കുകയുമാണ്.