മീനച്ചിലാറിനെ ഞങ്ങള്‍ മലിനമാക്കില്ല: കുഞ്ഞരങ്ങിലെ കുട്ടികള്‍
1548756
Wednesday, May 7, 2025 11:53 PM IST
പാലാ: പാലാ മുനിസിപ്പല്‍ ലൈബ്രറിയില്‍ തിയറ്റര്‍ ഹട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പാലം 2025ന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാസംഗമവും നദി അറിയലും സംഘടിപ്പിച്ചു. ഇന്നലെ രാവിലെ മീനച്ചിലാറിനെ അറിയാനുള്ള നടത്തം എബി ഇമ്മാനുവേല്‍ നയിച്ചു.
രവി പാലാ, മനോജ് പാലാക്കാരന് എന്നിവര്‍ മീനച്ചില്‍ ആറുമായുള്ള അനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. അഭിനേതാക്കളായ ആതിര ആര്. ചെന്നൈ, സുഗതന് പുറങ്ങ് ചെന്നൈ എന്നിവര്‍ നാടക ശില്പശാല നയിച്ചു. ഉച്ചയ്ക്കുശേഷം നടനും നര്‍ത്തകനുമായ ഫവാസ് അമീര്‍ ഹംസ മൂവ്മെന്റ് ശില്പശാല നയിച്ചു.
വൈകുന്നേരം ബാലസാഹിത്യ കഥകളെ കഥയരങ്ങായി അഭിനയിച്ച് അവതരിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രസകരമായ ഈ കഥയരങ്ങില്‍ പറച്ചിലും അഭിനയവും മൈമും മാസ്ക് ആക്റ്റിംഗും ഉപയോഗിച്ചു. കൗമാരപ്രായക്കാരുടെ മാനസിക പരിപാലനത്തെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരുന്നു.
ഇന്നു രാഗമാലികയെ അറിയല്‍, കഥയരങ്ങ്, വൈകുന്നേരം ഡോ. സിറിയക് തോമസിന്റെ "പാലാ ഇന്നലെ ഇന്ന് നാളെ' കൂടിയിരുപ്പ് എന്നിവ നടക്കും. മൂവ്മെന്റ് ശില്പശാലയും നാടകക്കളരിയും കഥയരങ്ങും കൗമാരക്കാരുടെ മാനസിക പരിപാലന കൂടിയിരുപ്പും നടന്നു.12 വരെയാണ് പാലം 2025.