ട്രെയിൻ യാത്രയ്ക്കിടെ വെച്ചൂച്ചിറ സ്വദേശിയെ കാണാതായി
1549046
Friday, May 9, 2025 12:09 AM IST
എരുമേലി : ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ വെച്ചൂച്ചിറ സ്വദേശിയായ യുവാവ് തെറിച്ചുവീണ് അപകടത്തിൽപ്പെട്ടന്ന് സംശയം. പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥന്റെ മകന് വിനീതിനെ(32)യാണ് ഇക്കഴിഞ്ഞ ഏഴിന് പുലർച്ചെ മൂന്നരയ്ക്കു ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽവച്ച് കാണാതായത്. മംഗലാപുരത്ത് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി കഴിഞ്ഞു വിനീത് ഉൾപ്പടെ അഞ്ചു പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് സംഭവം.
ട്രെയിന്‍ കോഴിക്കോട് സ്റ്റേഷന് വിട്ടതിനു പിന്നാലെ ശുചിമുറിയില്‍ പോകുന്നതിനായി വിനീത് കംമ്പാര്ട്ടുമെന്റില്നിന്നു പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചത്. അഞ്ചു മിനിറ്റ് കഴിഞ്ഞ് സുഹൃത്തുക്കൾ ശുചിമുറിയിൽ വിനീതിനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
ഈ സമയം ട്രെയിനിൽ പിന്നിലെ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നയാള്‍ ഒരാള്‍ വാതിലിലൂടെ പുറത്തേക്കു വീണതായി കണ്ടെന്നു സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ കുറ്റിപ്പുറം സ്റ്റേഷനില്‍ ഇറങ്ങി പരിശോധന നടത്തി. നാട്ടുകാരുടെ സംഘവും പരിശോധനക്ക് കൂടിയെങ്കിലും വിനീതിനെ കണ്ടെത്താനായില്ല.
വീണതായി സംശയം തോന്നിയ സ്ഥലത്ത് മൂന്നൂറു മീറ്ററിന് ഇടക്ക് രണ്ടു പാലം ഉള്ളതായി പൊലീസ് പറയുന്നു. ബന്ധുക്കള്‍ വെച്ചൂച്ചിറ പൊലീസില്‍ പരാതി നല്കി. കേസെടുത്ത പൊലീസ് പരാതി വിശദമായ അന്വേഷണത്തിനായി റെയില്‍വേ പൊലീസിനു കൈമാറി.