കേൾവിത്തകരാർ പരിഹരിക്കാനുള്ള മെഷീന്റെ പേരിൽ കബളിപ്പിച്ചു; ₹ 1,49,000 പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ
1548997
Thursday, May 8, 2025 7:51 AM IST
കോട്ടയം: കേൾവിത്തകരാർ പരിഹരിക്കുന്നതിനുള്ള മെഷീൻ നൽകാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്ലിനിക് ഉടമയ്ക്ക് 1,49,000 രൂപ പിഴയിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ഉഴവൂർ സ്വദേശിയായ സി.കെ. സ്റ്റീഫൻ ആണ് കോട്ടയം കുമാരനല്ലൂരിൽ പ്രവർത്തിച്ചിരുന്ന റഫാൽ മൾട്ടി റീഹാബിലിറ്റേഷൻ ആൻഡ് ഹെൽത്ത് കെയർ ഓട്ടിസം ആൻഡ് ലേണിംഗ് ഡിസെബിലിറ്റി സ്പെഷലൈസ്ഡ് സെന്ററിനെതിരേ പരാതിയുമായി കോട്ടയം കൺസ്യൂമർ കോടതിയെ സമീപിച്ചത്.
ഈ സ്ഥാപനത്തിൽനിന്നു നൽകിയ 39,000 രൂപയുടെ മെഷീൻ പ്രവർത്തിക്കാതെ വന്നതിനെത്തുടർന്നു പരാതിക്കാരൻ എതിർകക്ഷിയെ സമീപിച്ചിരുന്നു. എന്നാൽ 60,000 രൂപ കൂടി നൽകിയാൽ 1,30,000 രൂപയുടെ ഉപകരണം 30 ശതമാനം ഡിസ്കൗണ്ടിൽ നൽകാമെന്ന് പറഞ്ഞ് സെന്റർ ഉടമ അഞ്ജു മരിയ പിന്നെയും പണം വാങ്ങുകയും ഉപകരണം നൽകാതെ സ്ഥലം വിടുകയുമായിരുന്നു. ഹൃദ്രോഗി കൂടിയായ പരാതിക്കാരൻ പലതവണ ക്ലിനിക്കിൽ ചെന്നെങ്കിലും സ്ഥാപനം പൂട്ടിയിരുന്നു. ഫോണിൽ ബന്ധപ്പെടാനും സാധിക്കാതെ വന്നപ്പോഴാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വയോധികനും ഹൃദ്രോഗിയുമായ സ്റ്റീഫനെ കബളിപ്പിച്ച് അനുചിത വ്യാപാരം അഞ്ജു മരിയ നടത്തിയെന്നു കണ്ടെത്തിയ കമ്മീഷൻ, പരാതിക്കാരനിൽനിന്നും കൈപ്പറ്റിയ 99,000 രൂപ തിരികെ നൽകാനും അന്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു.
ഒപ്പം പ്രായാധിക്യവും രോഗവും മൂലം കഷ്ടപ്പെടുന്ന വയോജനങ്ങളോട് കാണിക്കുന്ന ഇത്തരം പ്രവൃത്തികൾക്കുള്ള ശിക്ഷയായി അഞ്ജു മരിയയിൽനിന്ന് കമ്മീഷന്റെ ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് പണം ഈടാക്കാനും വിധിച്ചു. അഡ്വ. വി.എസ്. മനു ലാൽ പ്രസിഡന്റും അഡ്വ.ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്.