പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം വെറുതേകിടന്നു നശിക്കുന്നു
1549003
Thursday, May 8, 2025 10:48 PM IST
മുണ്ടക്കയം: മുണ്ടക്കയം വരിക്കാനി കവലയിലെ പഴയ എരുമേലി വടക്ക് വില്ലേജ് ഓഫീസ് കെട്ടിടം വെറുതേകിടന്നു നശിക്കുന്നു. ഇവിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുകയാണ്. അമരാവതിയിൽ എരുമേലി വടക്ക് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിച്ച് അങ്ങോട്ട് പ്രവർത്തനം മാറ്റിയതോടെയാണ് വരിക്കാനി കവലയിലെ റവന്യൂ വകുപ്പിന്റെ കീഴിലുള്ള പഴയ ഓഫീസ് കെട്ടിടം വെറുതേകിടക്കുന്നത്്. രണ്ടു നിലകളുള്ള കെട്ടിടത്തിൽ നിലവിൽ മറ്റ് ഓഫീസുകളൊന്നും പ്രവർത്തിക്കാതെയായതോടെയാണ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത്.
കെട്ടിടത്തിനു ചുറ്റും മദ്യ കുപ്പികളും മാലിന്യവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന്റെ പരിസരപ്രദേശമാകെ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാന സംഘവും സാമൂഹ്യ വിരുദ്ധരും തമ്പടിക്കുന്നതായും ആക്ഷേപമുണ്ട്. റവന്യൂ വകുപ്പിനു കീഴിലുള്ള ഈ കെട്ടിടം നാളുകളായി ഉപയോഗിക്കാതെ വെറുതേകിടന്ന് ഇന്ന് നാശത്തിന്റെ വക്കിലാണ്. അടിയന്തരമായി ഈ കെട്ടിടത്തിൽ ഏതെങ്കിലും ഓഫീസുകൾ പ്രവർത്തനമാരംഭിക്കുകയോ ഇല്ലെങ്കിൽ മറ്റു വകുപ്പുകൾക്ക് വിട്ടുകൊടുത്ത് പൊതു സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനം ആരംഭിക്കണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്.