കാഞ്ഞിരപ്പള്ളി രൂപതാദിനം: ഒരുക്കം പൂര്‍ത്തിയായി
1549004
Thursday, May 8, 2025 10:48 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാദിനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം, നേതൃസംഗമം എന്നിവയ്ക്കായി അണക്കര ഫൊറോന ഒരുങ്ങി. കാഞ്ഞിരപ്പള്ളി രൂപതയുടെ നാല്‍പ്പത്തിയെട്ടാമത് രൂപതാദിനാഘോഷത്തിനാണ് അണക്കര സെന്റ് തോമസ് ഫൊറോന പള്ളി വേദിയാകുന്നത്. 1977ലാണ് ചങ്ങനാശേരി അതിരൂപതയുടെ കിഴക്കന്‍ മേഖല വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമാകുന്നത്.
നാല്പത്തിയെട്ടാമത് രൂപതാദിനാചരണ പ്രതിനിധി സംഗമദിനമായ 12ന് രാവിലെ 9.30ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ രൂപതയിലെ വൈദിക സമൂഹം, സന്യസ്തര്‍, വിവിധ തലങ്ങളിലുള്ള പ്രതിനിധികള്‍ എന്നിവര്‍ പങ്കുചേരും. തുടര്‍ന്ന് നടത്തപ്പെടുന്ന പ്രതിനിധി സമ്മേളനത്തില്‍ മലങ്കര സഭയുടെ പത്തനംതിട്ട രൂപതാധ്യക്ഷന്‍ സാമുവൽ മാർ ഐറേനിയോസ് മുഖ്യാതിഥിയായിരിക്കും. മാര്‍ മാത്യു അറയ്ക്കല്‍ സന്ദേശം നല്‍കും.
രൂപതയിലെ വിശ്വാസിസമൂഹത്തെ പ്രതിനിധീകരിച്ചെത്തുന്ന വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രൂപതാതല ഭാരവാഹികള്‍, ഇടവകകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സുവര്‍ണ ജൂബിലിക്കൊരുങ്ങുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ യുവജന വര്‍ഷമായി പ്രഖ്യാപിച്ച് നടപ്പിലാക്കപ്പെട്ട കര്‍മപദ്ധതികളുടെ പൂര്‍ത്തീകരണവും അടുത്തവര്‍ഷത്തെ പദ്ധതികളുടെ പ്രഖ്യാപനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. സഭയ്ക്കും സമൂഹത്തിനും പ്രയോജനകരമായ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിക്കും.
11ന് നടത്തപ്പെടുന്ന നേതൃസംഗമത്തിൽ അണക്കര ഫൊറോനയിലെ ഇടവകകളില്‍നിന്നുമുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബക്കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവരുടെ സംഗമം രാവിലെ ഒമ്പതിന് വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് ഉച്ചയ്ക്ക് സമാപിക്കും. ചങ്ങനാശേരി അതിരൂപതാംഗവും വചന പ്രഘോഷകനുമായ ഫാ. ജിസൺ പോൾ വേങ്ങരേരി നേതൃസംഗമം നയിക്കും.
രൂപതാദിനത്തിനൊരുക്കമായി അണക്കര ഫൊറോനയിലെ ഭവനങ്ങളില്‍ രൂപതയിലെ വൈദിക വിദ്യാര്‍ഥികൾ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റത്തിന്റെ അധ്യക്ഷത വഹിച്ചു. അണക്കര ഫൊറോന വികാരി ഫാ. ജേക്കബ് പീടികയിൽ ജനറൽ കൺവീനറായിരിക്കും. രൂപത പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.