കോട്ടയം ഗവ. ഫിസിയോ തെറാപ്പി കോളജില്‍ യൂണിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു പരാതി
1549044
Friday, May 9, 2025 12:09 AM IST
കോട്ടയം: കോട്ടയം ഗവ. ഫിസിയോ തെറാപ്പി കോളജില്‍ യൂണിവേഴ്സിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നു പരാതി. യൂണിവേഴ്സിറ്റി നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണു കോളജ് ആരംഭിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ഒരു ഫിസിയോതെറാപ്പി കോളജ് തുടങ്ങാന്‍ കുറഞ്ഞത് അഞ്ച് ഫിസിയോതെറാപ്പി അധ്യാപകര്‍ വേണമെന്നിരിക്കേ നിലവില്‍ മെഡിക്കല്‍ കോളജ് ഫിസിയോതെറാപ്പി ഡിപ്പാര്‍ട്ട്മെന്റിലെ സയിന്റിഫിക് അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുന്ന മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് അധികച്ചുമതല നല്‍കിയാണ് കോളജ് ആരംഭിച്ചിരിക്കുന്നത്. ഇവരില്‍ ആര്‍ക്കും ആരോഗ്യ സര്‍വകലാശാല നിഷ്കര്‍ഷിച്ചിട്ടുള്ള എംഎസ്ആര്‍ പ്രകാരമുള്ള യോഗ്യതകളില്ലെന്ന് രേഖകളില്‍നിന്നും വ്യക്തമാണ്.
ഇതിനു പുറമെ ദേശീയ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ കമ്മീഷന്റെയോ യുജിസിയുടെയോ ഫിസിയോതെറാപ്പി കോളജിനു വേണ്ട മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയുമാണു കോളജ് ആരംഭിച്ചിട്ടുള്ളത്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സും മെഡിക്കല്‍ കോളജ് അധികാരികളും തത്പരകക്ഷികളെ കോളജില്‍ അനധികൃതമായി തിരുകി ക്കയറ്റാനും ഫിസിയോതെറാപ്പി വിദ്യാഭ്യാസത്തിന്റെ നിലവാരം താഴ്ത്താനുമുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ കോഴ്സ് ആരംഭിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജും സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന ഇത്തരം ദുരൂഹ നീക്കങ്ങളെ പിന്തുണയ്ക്കേണ്ട അവസ്ഥയിലാണ് നിലവിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഹെല്‍ത്ത് യൂണിവേഴ്സിറ്റി സ്കൂട്ടണി കമ്മിറ്റിയും.
ആരോഗ്യ സര്‍വകലാശാലയുടെ എഎസ്ആര്‍ ചട്ടങ്ങള്‍ പാലിച്ചു കോളജിലെ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റണമെന്നും കെഎപിസി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിന് കെഎപിസി ഫിസിയോതെറാപ്പിസ്റ്റുകളെ അണിനിരത്തുമെന്നും നേതൃത്വം അറിയിച്ചു. പത്രസമ്മേളനത്തില്‍ കെഎപിസി സംസ്ഥാന പ്രസിഡന്റ് ഡോ. പി.എസ്. ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി, ഡോ. ആര്. ലെനിന്, ലീഗല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് ഡോ. രഞ്ജിത്ത് ചന്ദ്രശേഖരന് എന്നിവര്‍ പങ്കെടുത്തു.