ചങ്ങനാശേരി എസ്ബി എച്ച്എസ്എസ് കാമ്പസില്‍ ഇനി വള കിലുങ്ങും : പ്ലസ്ടു വിഭാഗത്തില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനം
1548992
Thursday, May 8, 2025 7:51 AM IST
ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആണ്‍കുട്ടികളുടെ പ്രശസ്ത വിദ്യാലയമായ എസ്ബി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ 2025-26 വര്‍ഷം പെണ്കുട്ടികള്ക്കുകൂടി പ്രവേശനം നല്കാന് സ്കൂള്‍ മാനേജ്മെന്റ് തീരുമാനം. മാനേജ്മെന്റിന്റെ ആവശ്യപ്രകാരം ഹയര്‍ സെക്കന്‍ഡറി വിഭാഗം ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവിറക്കി. പെണ്‍കുട്ടികള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും സ്കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1891ല്‍ മെട്രിക്കുലേഷന്‍ ക്ലാസും അതിനു തൊട്ടുതാഴെയുള്ള ഫിഫ്ത് ക്ലാസും (ഇന്നത്തെ പ്ലസ്ടു, പ്ലസ് വണ്‍) ആരംഭിച്ചുകൊണ്ട് തുടക്കംകുറിച്ച ചങ്ങനാശേരി ബര്‍ക്ക്മാന്‍സ് കോളജ് സ്കൂള്‍ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ്.
പടിപടിയായി വളര്‍ന്ന് സര്‍വകലാശാലയായി മാറണമെന്ന ആഗ്രഹത്തോടെ ബിഷപ് മാർ ചാള്‍സ് ലവീഞ്ഞ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍. 1922ല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിച്ചുകൊണ്ട് ആരംഭിച്ച എസ്ബി കോളജ് ശതാബ്ദി പിന്നിട്ടുകഴിഞ്ഞു. തുടര്‍ന്ന് സ്കൂളില്‍ നടന്നിരുന്ന മെട്രിക്കുലേഷന്‍ ക്ലാസ് കോളജിന്റെ ഭാഗമായി മാറി.
എസ്ബി സ്കൂളിന്റെ വനിതാവിഭാഗമാണ് ചങ്ങനാശേരിയിലെ പ്രശസ്തമായ സെന്റ് ആന്‍സ് സ്കൂളായി വളര്‍ന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ആരംഭിച്ചിട്ട് 27 വര്‍ഷം പിന്നിടുമ്പോഴാണ് പെണ്കുട്ടികള്ക്കുകൂടി പഠിക്കാനവസരം നൽകുന്നതിനുള്ള തീരുമാനം ഉണ്ടായത്. ചങ്ങനാശേരി മേഖലയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനുള്ള സീറ്റുകളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് ചങ്ങനാശേരി അതിരൂപത നേരിട്ടു നിയന്ത്രിക്കുന്ന എസ്ബി സ്കൂളിനെ മിക്സഡ് സ്കൂളാക്കി മാറ്റാന്‍ തീരുമാനിച്ചതും ഇതിന് സര്‍ക്കാരിന്റെ അംഗീകാരം വാങ്ങുകയും ചെയ്തത്.
1998ല്‍ കോളജുകളില്‍നിന്ന് പ്രീഡിഗ്രി ഡീലിങ്ക് ചെയ്തപ്പോഴാണ് എസ്ബി സ്കൂള്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടത്. ബയോളജി, കമ്പ്യൂട്ടര്‍, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഈ രണ്ടു ബാച്ചുകളിലായി മുന്നൂറു വിദ്യാര്‍ഥികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്.
ശാന്തമായ കാമ്പസ്, ആധുനിക സൗകര്യങ്ങൾ, ഉന്നത പഠനനിലവാരം...
ശാന്തമായ അന്തരീക്ഷമുള്ള കാമ്പസ്, മികച്ച പഠനമുറികള്‍, ലബോറട്ടറികള്‍, ലൈബ്രറി, പ്ലേ ഗ്രൗണ്ടുകള്‍ എന്നിവകൊണ്ട് അനുഗൃഹീതമായ ഈ സ്കൂള്‍ ചങ്ങനാശേരി അതിരൂപത നേരിട്ടു നടത്തുന്ന ഏക എയ്ഡഡ് ഹയര്‍ സക്കന്‍ഡറി സ്കൂളാണ്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ രക്ഷാധികാരിയും ഫാ. ടോണി ചെത്തിപ്പുഴ ലോക്കല്‍ മാനേജരുമായുള്ള സമിതിയാണ് സ്കൂളിന്റെ ഭരണച്ചുമതല നിര്‍വഹിക്കുന്നത്. ഫാ. ആന്റണി മൂലയില്‍ കോര്‍പറേറ്റ് മാനേജറുമാണ്.
1891ല്‍ മദ്രാസ് സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് ഇന്നത്തെ ഹയര്‍ സെക്കന്‍ഡറിക്കു തുല്യമായതും അക്കാലത്ത് സര്‍വകലാശാല നടത്തിയിരുന്നതുമായ മെട്രിക്കുലേഷന്‍ ക്ലാസ് തുടങ്ങിക്കൊണ്ട് വിശുദ്ധ സെന്റ് ബര്‍ക്കുമാന്‍സിന്റെ നാമധേയത്തില്‍ വിദ്യാലയത്തിനു തുടക്കംകുറിച്ചത്.
സുറിയാനി ക്രിസ്ത്യാനികള്‍ക്കുവേണ്ടി ആരംഭിച്ച ഈ വിദ്യാലയത്തില്‍ എല്ലാ ജാതി-മതസ്ഥരേയും ഒരേബെഞ്ചിലിരുത്തി പഠിപ്പിച്ചപ്പോള്‍ എസ്ബി സ്കൂള്‍ ചരിത്രത്തില്‍ വേറിട്ട വിദ്യാലയമായി മാറിയതിനൊപ്പം മധ്യതിരുവിതാംകൂറിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി വളര്‍ന്നു പന്തലിക്കുകയും ചെയ്തു.
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എസ്ബി, അസംപ്ഷന്‍ കോളജുകൾ കഴിഞ്ഞ അധ്യയനവര്‍ഷം മിക്സഡ് കലാലയമാക്കിയിരുന്നു.