കാഞ്ഞിരപ്പള്ളിയിൽ സിവിൽ ഡിഫൻസ് മോക്ഡ്രിൽ സംഘടിപ്പിച്ചു
1548751
Wednesday, May 7, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി രാജ്യമൊട്ടാകെ നടത്തിയ മോക്ഡ്രില്ലിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും മോക്ഡ്രിൽ സംഘടിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ എൻസിസി ബറ്റാലിയൻ 15 കേരളയുടെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രില്ലിൽ നാനൂറിലധികം കുട്ടികൾ പങ്കെടുത്തു. കോളജിൽ നടക്കുന്ന 10 ദിവസത്തെ എൻസിസി ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്ത എല്ലാ കുട്ടികളും മോക്ഡ്രില്ലിൽ സജീവമായി പങ്കെടുത്തു. അരമണിക്കൂർ നീണ്ടുനിന്ന ആക്ടിവിറ്റിയാണ് കേന്ദ്ര ഗവൺമെന്റ് നിർദേശപ്രകാരം കോളജ് കാമ്പസിൽ ബറ്റാലിയന്റെ നേതൃത്വത്തിൽ നടത്തിയത്. ആകാശത്തുനിന്ന് ആക്രമണമുണ്ടായാൽ രക്ഷപ്പെടേണ്ടത് എങ്ങനെയാണെന്നായിരുന്നു മോക്ഡ്രിൽ നടത്തിയതിലൂടെ കുട്ടികൾക്ക് മനസിലാക്കിക്കൊടുത്തത്.
നാലോടെ എയർ വാണിംഗ് സൈറൺ മുഴങ്ങിയതോടെ പെട്ടെന്നുതന്നെ കുട്ടികൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഓടി ചെവിയും കണ്ണും അടച്ച് തല നിലത്തുമുട്ടിച്ചു നിലത്ത് സുരക്ഷാ ഉറപ്പാക്കിക്കിടന്നു. 4.30ന് സുരക്ഷിത സൈറൺ മുഴങ്ങുന്നതുവരെ കുട്ടികൾ പൊസിഷൻ മാറാതെ നിലത്തു കിടക്കുകയായിരുന്നു. എൻസിസി ബറ്റാലിയൻ ഓഫീസർമാർ കുട്ടികൾക്ക് നിർദേശങ്ങൾ നൽകി.
എൻസിസി 15 കേരള ബറ്റാലിയന്റെ കമാൻഡിംഗ് ഓഫീസറായ കേണൽ ജേക്കബ് ഫ്രീമാൻ, സുബേദാർ മേജർ വി.ബി. ഗുരുങ്ങ്, സുബേദാർ സുനീഷ്, ഹവിൽദാർ സുജിത്, സെന്റ് ഡൊമിനിക്സ് കോളജ് എൻസിസി ഓഫീസർ ജിപ്സൺ വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് എന്നിവർ മോക്ഡ്രിലിന് നേതൃത്വം നൽകി.